Your Image Description Your Image Description

കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി. സെക്രട്ടറിയുമായിരുന്ന സി. രഘുനാഥും ചലച്ചിത്ര സംവിധായകൻ മേജർ രവിയും ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്ത് വെച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് ഇരുവരും അംഗത്വം സ്വീകരിച്ചു. ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും അം​ഗത്വം സ്വീകരിച്ചത്.

കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ദേശീയതക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് അം​ഗത്വം സ്വീകരിച്ചതിന് പിന്നാലെ സി രഘുനാഥ് പ്രതികരിച്ചു. ദേശീയതയോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹമെന്ന് മേജർ രവിയും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച സി. രഘുനാഥ്, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന നേതാവാണ്.

കെപിസിസി അധ്യക്ഷനായിട്ടും കെ. സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്ന് രഘുനാഥ് അഭിപ്രായപ്പെട്ടിരുന്നു. നേതൃത്വത്തിൻറെ അവഗണനയിൽ മനംമടുത്താണ് രാജി വെക്കുന്നതെന്നായിരുന്നു കോൺഗ്രസ് വിട്ട വേളയിൽ സി രഘുനാഥിന്റെ പ്രതികരണം. കോൺ​ഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധത്തിന് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

ജെപി നദ്ദയുമായു കൂടിക്കാഴ്ചയിൽ കേരളത്തിലെ വിമുക്തഭടൻമാരും സൈനികരും നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മേജർ രവി അറിയിച്ചിരുന്നു. മേജർ രവിയെ പോലുള്ള ആളുകൾ ബിജെപിയിലേക്ക് കടന്നുവരുന്നത് പാർട്ടിക്ക് സംസ്ഥാനത്ത് കൂടുതൽ സ്വാധീനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *