Your Image Description Your Image Description
Kerala Kerala Mex Kerala mx
1 min read
85

December 24, 2023
0

ഇടുക്കി: തൊഴിൽ തർക്കത്തെ തുടർന്ന് ഹൈക്കോടതി പൊലീസ് സംരക്ഷണം നൽകാൻ നിർദ്ദേശിച്ച ഏലത്തോട്ടം ഉടമയെയും സഹായിയെയും സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചതായി പരാതി. സിഐടിയു സമരം നടത്തുന്ന ഇടുക്കി രാജകുമാരി ഖജനാപ്പാറയിലെ ഏലത്തോട്ടം ഉടമക്കാണ് മർദ്ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയും റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനുമായ രാജൻ ഇദ്ദേഹത്തിന്‍റെ ഡ്രൈവർ പേട്ട സ്വദേശി അനിൽകുമാർ എന്നിവരെയാണ് സിപിഎം ഖജനാപ്പാറ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ രാജനെ പോലീസ് എത്തിയാണ് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അനിൽകുമാറിന്റെ ഇടതു കൈക്ക് പൊട്ടലുണ്ട്. 2017ലാണ് രാജന്‍റെ ഭാര്യ ജയയുടെയും സഹോദരിയുടെയും പേരിൽ 16 ഏക്കർ ഏലത്തോട്ടം എറണാകുളം സ്വദേശിയിൽ നിന്ന് വാങ്ങിയത്.

യൂണിയൻ നേതാക്കൾ അറിയാതെ തോട്ടം വാങ്ങിയതുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സിഐടിയു നേതാക്കളുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് നേടി. അതിനുശേഷം പൊലീസിന്‍റെ സംരക്ഷണത്തിലാണ് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് പണികൾ നടത്തിയിരുന്നത്. ഇതിനെതിരെ 27 ദിവസമായി സിഐടിയു തോട്ടത്തിന് മുന്നിൽ സമരം നടത്തുന്നുണ്ട്. ഇതിനിടെ രണ്ടു തവണ തൊഴിലാളികൾക്ക് നേരെ ആക്രമണം ഉണ്ടായി.

കഴിഞ്ഞ ബുധനാഴ്ച തോട്ടത്തിൽ മുഖംമൂടി ധരിച്ചെത്തിയാണ് ആക്രമണം നടത്തിയത്. ഇതിൽ രാജാക്കാട് പൊലീസ് കേസെടുത്തെങ്കിലും നിസാര വകുപ്പുകൾ ചുമത്തി പ്രതികളെ സഹായിക്കുകയാണ് ചെയ്തത്. അതേസമയം തോട്ടമുടമയുടെ പരാതി വ്യാജമാണെന്നും ഉടമ സിഐടിയു തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു എന്നും യൂണിയൻ ജനറൽ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ വി എ കുഞ്ഞുമോൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് സിഐടിയു തൊഴിലാളികളും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *