Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: പടിയിറങ്ങും മുമ്പ് കെഎസ്ആർടിസിയിലെ ശമ്പളകുടിശ്ശിക തീർത്തെങ്കിലും ആൻ്റണി രാജു ഗതാഗതമന്ത്രിയായിരുന്ന രണ്ടര വർഷം പ്രതിസന്ധികളൊഴിയാത്ത കാലമായിരുന്നു. വകുപ്പിനെതിരെ ഇടത് യൂണിയനുകൾ പലതവണ തെരുവിലിറങ്ങി. കൊട്ടിഘോഷിച്ച് കൊണ്ട് വന്ന എഐ ക്യാമറാ പദ്ധതി അഴിമതിയിലും വിവാദങ്ങളിലും മുങ്ങി. എന്നാൽ ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്നാണ് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ വാദം. ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗണേഷ് കുമാര്‍ പറയുന്നു.

ഒന്നാം പിണറായി സർക്കാർ കാലത്ത് ചാനൽമുറികളിൽ സർക്കാറിനായി വീറോടെ വാദിക്കുന്ന റോളിലായിരുന്നു ആൻ്റണി രാജു. തിരുവനന്തപുരത്ത് അട്ടിമറി ജയം നേടിയ ആൻ്റണി രാജുവിനെ രണ്ടാം പിണറായി കാലത്ത് കാത്തിരുന്നത് അപ്രതീക്ഷിത മന്ത്രി സ്ഥാനമായിരുന്നു. രണ്ടാം ടേമിൽ മന്ത്രിയാകേണ്ട ആൻ്റണിരാജുവിന് ആദ്യം നറുക്ക് വീണത് ഗണേഷിന്റെ കുടുംബകേസ് കാരണമായിരുന്നു. എന്നാൽ വൻ പ്രതിസന്ധിയിലായ ഗതാഗതവകുപ്പിനെ കരകയറ്റാൻ ആൻറണി രാജുവിന് കഴിഞ്ഞില്ല. ശമ്പളത്തിനും പെൻഷനും ജീവനക്കാർക്ക് തെരുവിലും കോടതിയിലും ഇറങ്ങേണ്ട സ്ഥിതിയായി. സ്വിഫ്റ്റ് ബസ് പരിഷ്ക്കാരം വരുമാനം കൂട്ടിയെന്ന് വകുപ്പ് അവകാശപ്പെടുമ്പോൾ കെഎസ്ആർടിസി ബസ്സുകളുടെ പ്രാധാന്യം കുറഞ്ഞു. അപകടം കുറക്കാനെന്ന പേരിൽ നടപ്പാക്കിയ എഐ ക്യാമറാ പദ്ധതിക്കെതിരെ വലിയ അഴിമതി ആരോപണങ്ങളും ഉണ്ടായി. പലതിനും കൃത്യമായ മറുപടി പോലും പറയാൻ സർക്കാരിനായില്ല. കോടതി കയറിയ പദ്ധതി പ്രയോജനത്തെ കുറിച്ചുള്ള വിവരങ്ങളിൽ ഇപ്പോഴും തർക്കം ബാക്കിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *