Your Image Description Your Image Description

ന്യൂഡൽഹി: രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചു. രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് ആരോ​ഗ്യരം​ഗവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചത്.

നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകളാക്കി മാറ്റാന്‍ പദ്ധതിയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കും.

സ്ത്രീകൾക്കിടയിൽ വർധിച്ചുവരുന്ന സെർവിക്കൽ കാൻസർ പ്രതിരോധത്തിനായി വാക്സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തും. ഒമ്പതു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കിടയിലാണ് വാക്സിനേഷൻ ലഭ്യമാക്കുക.

കൂടാതെ മാതൃശിശുപരിചരണം സംബന്ധിച്ചുള്ള വിവിധപദ്ധതികൾ ഒരുകുടക്കീഴിൽ സംയോജിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സക്ഷമ അം​ഗൻവാടി-പോഷൻ 2.0 പദ്ധതിക്കുകീഴിൽ, പോഷകാഹാരവിതരണവും ശിശുപരിചരണവും വികസനവും ഉറപ്പുവരുത്താൻ അം​ഗൻവാടികൾ നവീകരിക്കും.

കുട്ടികൾക്കിടയിലെ പ്രതിരോധകുത്തിവെപ്പ് ശക്തിപ്പെടുത്താൻ ആരംഭിച്ച മിഷൻ ഇന്ദ്രധനുഷ് പദ്ധതി രാജ്യത്തുടനീളം ത്വരിത​ഗതിയിൽ നടപ്പിലാക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആശാ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ഉള്‍പ്പെടുത്തി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *