Your Image Description Your Image Description
Your Image Alt Text

വടകര : വടകര അഴിമുഖത്തുനിന്ന്‌ വാരുന്ന മണൽ വിതരണംചെയ്യുന്ന കറുകപ്പാലം കടവിലെ ഓഫീസ് കെട്ടിടം ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയിൽ. അടിത്തറ പിളർന്ന നിലയിലാണുള്ളത്. ദിവസവും നാല് ജീവനക്കാർ ജോലിചെയ്യുന്ന ഓഫീസാണിത്. മണൽ കൊണ്ടുപോകാനെത്തുന്ന ലോറിക്കാരും മണൽവാരൽ തൊഴിലാളികളും ഓഫീസിന് പുറത്തും ഉണ്ടാകും. അപകടാവസ്ഥയിലാണെന്ന് നഗരസഭയെ ഉൾപ്പടെ അറിയിച്ചിട്ടും ഇത് പരിഹരിക്കാനോ ഓഫീസ് മാറ്റാനോ നടപടി സ്വീകരിച്ചിട്ടില്ല. ദിവസവും ശരാശരി പതിനായിരം രൂപ നഗരസഭയ്ക്ക് വരുമാനം നൽകുന്ന ഓഫീസിനാണ് ഈ ദുരവസ്ഥ.

തുറമുഖവകുപ്പിന് കീഴിലാണ് മണൽവാരലെങ്കിലും മണൽവിതരണം ഉൾപ്പെടെ ഇപ്പോൾ നഗരസഭയുടെ കീഴിലാണ്. നേരത്തേ തൊഴിലാളികളുടെ സഹകരണസംഘത്തിനായിരുന്നു ഈ ചുമതല. ഇത് നഗരസഭയിലേക്ക് മാറ്റിയ ശേഷമാണ് കറുകപ്പാലത്തിന്‌ സമീപം ഓഫീസ് കെട്ടിടം നിർമിച്ചത്.പുഴയിൽനിന്ന് വെള്ളം കയറുന്ന ഒരു ചാലുണ്ട്. അതിനുമുകളിൽ കെട്ടിടത്തിന്റെ ഒരുഭാഗം സ്വകാര്യവ്യക്തിയുടെ സ്ഥലത്തും മറ്റൊരു ഭാഗം റോഡിലുമായാണുള്ളത്.

രണ്ടുവശത്തും കരിങ്കല്ല് കൊണ്ട് കെട്ടി മുകളിൽ കോൺക്രീറ്റ് ചെയ്ത് അതിനുമുകളിലാണ് കെട്ടിടം ഉയർത്തിയത്. ഇപ്പോൾ കരിങ്കൽക്കെട്ട് ഉൾപ്പെടെ പിളർന്ന് തകർച്ച തറയിലേക്ക് വരെ ബാധിച്ചു. തറ പിളർന്നുകിടക്കുന്നത് കാണം. നേരിയ ചെരിവും കെട്ടിടത്തിനുണ്ട്. ഇതിന് തൊട്ടരികെ മരം വളർന്നുനിൽക്കുന്നതും ഭീഷണിയാണ്. മണൽവിതരണം ചെയ്യുന്ന ദിവസങ്ങളിൽ രാവിലെ എട്ടുമണി മുതൽ വൈകീട്ട് മൂന്നുമണിവരെ നഗരസഭയിലെ ഒരുജീവനക്കാരനും തുറമുഖവകുപ്പിന്റെ മൂന്ന് ജീവനക്കാരും ഇവിടെയുണ്ടാകും. ജീവൻ പണയംവെച്ചാണ് ഇവർ ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *