Your Image Description Your Image Description
Your Image Alt Text

ഒറ്റപ്പാലം : പാലക്കാട്-തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി-പാമ്പാടി റെയിൽവേ മേല്പാലം കിഫ്ബിയിലുൾപ്പെടുത്തി നടപ്പാക്കിയേക്കും. ജില്ലകളുടെ അതിർത്തിയിലുള്ള പാലക്കാട്-ഷൊർണൂർ തീവണ്ടിപ്പാതയിലെ ലക്കിടി റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോളുണ്ടാകുന്ന കുരുക്കു കുറയ്ക്കാനാണിത്. ഇതിനുള്ള സാധ്യതാപഠനം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി മന്ത്രി കെ. രാധാകൃഷ്ണന്റെ ഓഫീസിൽനിന്ന് അറിയിച്ചു. പൊതുമരാമത്ത് പാലം വിഭാഗമാണ് പഠനം പൂർത്തിയാക്കിയത്.

റെയിൽപ്പാളത്തിനും ഭാരതപ്പുഴയ്ക്കും കുറുകേ വലിയ പാലമാണു പദ്ധതിയിൽ ലക്ഷ്യമിടുന്നത്. അതിനാൽതന്നെ പദ്ധതിക്കു വൻതുക ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകാരണമാണ് പദ്ധതി കിഫ്ബി മുഖാന്തരം നടപ്പാക്കാനായി ശ്രമിക്കുന്നത്. അംഗീകാരം കിട്ടിയാൽ കിഫ്ബിയിലുൾപ്പെടുത്തി ഫണ്ട് കണ്ടെത്തും. ശേഷം, പദ്ധതിരേഖ തയ്യാറാക്കും.2020-ലെ ബജറ്റിൽ 20 കോടി രൂപയുടെ പദ്ധതി മേൽപ്പാലത്തിനായി ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണു സാധ്യതാപഠനം തുടങ്ങിയത്. ഈ പഠനത്തിനായി സംസ്ഥാന സർക്കാർ പത്തുലക്ഷം രൂപ വകയിരുത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *