Your Image Description Your Image Description
Your Image Alt Text

സൈഫര്‍ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിക്കും 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് പ്രത്യേക കോടതി. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ശിക്ഷാവിധി. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കുറ്റപത്രപ്രകാരം ഇമ്രാന്‍ ഖാന്‍ തിരികെ നല്‍കാത്ത നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫര്‍ കേസ്. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാനെ നീക്കുമെന്നുള്ള അമേരിക്കയുടെ ഭീഷണി രേഖയിലടങ്ങിയിട്ടുണ്ടെന്ന് പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് (പിടിഐ) നേരത്തെ തന്നെ വാദിച്ചിരുന്നു.

മറുവശത്ത് ഖുറേഷി നേരിടുന്ന ആദ്യ ശിക്ഷയാണിത്. പ്രത്യേക കോടതി ജഡ്ജിയായ അബുവല്‍ ഹസ്‌നത് സുല്‍ഖര്‍നൈനാണ് വിധി പ്രസ്താവിച്ചത്. വിചാരണയ്ക്ക് ശേഷം സൈഫറുമായി സംബന്ധിച്ചുള്ള കോടതിയുടെ ചോദ്യത്തിന് തനിക്കറിയില്ലെന്നും സൈഫര്‍ തന്റെ ഓഫീസിലാണ് ഉണ്ടായിരുന്നതെന്നുമായിരുന്നു ഇമ്രാന്റെ മറുപടി. വിധി പ്രസ്താവത്തിന് ശേഷം കോടതി മുറിയില്‍ നിന്ന് ജഡ്ജി പുറത്തിറങ്ങയതിന് പിന്നാലെ തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഖുറേഷി പ്രതിഷേധം രേഖപ്പെടുത്തി.

പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ആഴ്ച മാത്രം ശേഷിക്കെയാണ് വിധി വന്നിരിക്കുന്നത്. പിടിഐ പാകിസ്താനില്‍ കനത്ത തിരിച്ചടി നേരിടുകയും ചിഹ്നമില്ലാതെ മത്സരിക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ശിക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് അഞ്ചാം തീയതി തോഷഖാന കേസില്‍ മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് ഇമ്രാന് ലഭിച്ചത്. ഇസ്ലാമാബാദ് ഹൈക്കോടതി ഇമ്രാന്റെ ശിക്ഷ താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമ്രാന്റെ ഹര്‍ജി പിന്നീട് ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *