Your Image Description Your Image Description

തൃശൂര്‍: തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടക കൂട്ടിയ വിഷയത്തിൽ തൃശൂർ അതിരൂപത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഒപ്പമെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പൂരം സുഗമമായി നടത്തുന്നതിന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ബിഷപ്പ് വ്യക്തമാക്കി. വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ കൂട്ടിയ വാടക പിന്‍ലവിക്കാനുള്ള തീരുമാനം പ്രതീക്ഷിക്കുന്നതായി ദേവസ്വങ്ങളും അറിയിച്ചു.

പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന്‍റെ വാടക കൂട്ടിയ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച നടക്കാനിരിക്കേയാണ് ദേവസ്വങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സഭ രംഗത്തെത്തിയത്. അതിരൂപതാ ആസ്ഥാപനത്ത് ക്രിസ്തുമസ് ആശംസകള്‍ നേരാനെത്തിയ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ നിലപാടിന് നന്ദി അറിയിച്ചു. ഗ്രൗണ്ട് സൗജന്യമായി വിട്ടു തരികയാണ് വേണ്ടതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു. വൈകിട്ട് ദേവസ്വം മന്ത്രി വിളിച്ച ചര്‍ച്ചയില്‍ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും ദേവസ്വങ്ങള്‍ അറിയിച്ചു.

പൂരം നടത്തിപ്പിന്‍റെ പ്രധാന വരുമാന മാര്‍ഗമാണ് എക്സിബിഷന്‍. കഴിഞ്ഞ കൊല്ലം 39 ലക്ഷമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇരു ദേവസ്വങ്ങളില്‍ നിന്നുമായി ഈടാക്കിയത്. എന്നാല്‍ ഇക്കൊല്ലമത് രണ്ട് കോടി ഇരുപത് ലക്ഷമായി ഉയര്‍ത്തി. ഇതിനെതിരെ ഇരു ദേവസ്വങ്ങളും രംഗത്തുവന്നു. പൂരം പ്രതിസന്ധിയിലാക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ബിജെപിയും തിരുവമ്പാടിയെയും പാറമേക്കാവിനെയും പിന്തുണച്ചു രംഗത്തെത്തി. പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടതോയാണ് സര്‍ക്കാര്‍ ചര്‍ച്ച വിളിക്കാന്‍ തീരുമാനിച്ചത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *