Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ഭീകരവാദത്തിനെതിരേയുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യ – ഫ്രാൻസ് രാജ്യങ്ങൾക്കിടയിൽ വളർന്നുവരുന്ന സഹകരണത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. ഇരുരാജ്യങ്ങൾക്കും ഇടയിൽ വളർന്നുവരുന്ന ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങളേയും രഹസ്യാന്വേഷണ സഹകരണത്തേയും അഭിനന്ദിക്കുന്നുവെന്ന് ഇന്ത്യയും ഫ്രാൻസും തമ്മിൽ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ഭീകരവാദത്തിനെതിരേ ഏജൻസി തലത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതിനേയും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഗാർഡും ഫ്രാൻസിന്റെ ജി.ഐ.ജിയും തമ്മിലുള്ള സഹകരണം നിയമാനുസൃതമാക്കുന്നതിനേയും ഇരുരാജ്യങ്ങളും സ്വഗതം ചെയ്തു. ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തെത്തുടർന്നായിരുന്നു സംയുക്ത പ്രസ്താവന.

രാജ്യാതിർത്തികളിലെ ഭീകരവാദത്തെ അടക്കം ഇരു നേതാക്കളും അപലപിച്ചു. ആഗോളഭീകരതയ്ക്കെതിരേ ഒന്നിച്ച് പോരാടണമെന്നും ഇരുനേതാക്കളും ആഹ്വാനം ചെയ്തു. ഭീകരവാദ പ്രവർത്തനങ്ങളെ സാമ്പത്തികമായും ആസൂത്രണപരമായും പിന്തുണക്കുന്നവർക്കും ഭീകരവാദപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒരു രാജ്യവും സുരക്ഷിത താവളമൊരുക്കരുതെന്നും കൂട്ടിച്ചേർത്തു.

ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന ആക്രമണത്തെ ഇരുനേതാക്കളും അപലപിച്ചു. ഇസ്രയേൽ ജനതയ്ക്ക് ഇരുരാജ്യങ്ങളും പിന്തുണയും അറിയിക്കുകയും ചെയ്തു. വെടിനിർത്തൽ ഉൾപ്പെടെയുള്ള മാനുഷിക പരിഗണന ആവശ്യമെന്ന് ഇരുരാജ്യങ്ങളും തമ്മിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ബന്ദികളാക്കിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനൊരു അറുതിവേണമെന്നും ഇസ്രയേൽ – പലസ്തീൻ ജനതയ്ക്ക് സമാധാനം വേണമെന്നും ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *