Your Image Description Your Image Description
Your Image Alt Text

കെ എം മാണിക്കെതിരെ കോൺഗ്രസിന്റെ നിർദ്ദേശപ്രകാരം നടത്തിയ ആരോപണത്തോടെ അന്നുവരെ കെ എം മാണിയുടെ വീട്ടിലെ നിത്യസന്ദര്ശകരായ മുഴുവൻ പേരും ഇറങ്ങിയോടി. എല്ലാവര്ക്കും ഭയമായിരുന്നു. കാരണം മടിയിൽ കനം ഉണ്ടായിരുന്നു. അന്നുവരെ കളത്തിൽ ഇല്ലാതിരുന്ന ചിലർ അന്ന് മുതൽ കൂടെ നിന്ന് പൊരുതി.

ബാർ കോഴ ആരോപണത്തെ അറബിക്കടലിൽ എറിഞ്ഞു. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ചു. ഇതിനിടെ കഴുകന്റെ പ്രതീക്ഷയോടെ പാർട്ടി പിടിച്ചെടുക്കാൻ ഇടഞ്ഞു നിന്ന ജോസഫിനെയും കൂട്ടരെയും ഒതുക്കി – കലിപൂണ്ട കോൺഗ്രസ് മുന്നണിയിൽ നിന്നും ചവിട്ടി പുറത്താക്കി.

എൽഡിഎഫിൽ ഘടകക്ഷിയായി കയറി അന്നുമുതൽ ജോസിന്റെ പഴയ അടുപ്പക്കാരും പിരിവുകാരും തൻകാര്യ പ്രമാണികളും തിരിച്ചെത്തി. അവർ കാര്യങ്ങൾ കൈകാര്യം ചെയ്യാനും ഭരണത്തിൽ പങ്കാളികളാകാനും വേണ്ടി എല്ലാ സ്ഥാനമാനങ്ങളും പിടിച്ചുവാങ്ങി. ഇവിടെ ജോസിന് തെറ്റിയെന്ന് പറയാതെ വയ്യ. ഉദാഹരണങ്ങൾ പലതുണ്ട് .

കേരള കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഏറ്റവും കൂടുതൽ ഇടപെട്ട ആളായിരുന്നു ആലഞ്ചേരി പിതാവ് . ഒരു സഭ അധികാരിക്കും അപ്പുറം ശക്തമായ മാണി വിരോധം കൊണ്ടോ അതിശക്തമായ കോൺഗ്രസ് സ്നേഹം കൊണ്ടോ മാണിക്കെതിരെ നിന്നിരുന്ന തിരുമേനിയാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ സ്ഥാപക കാരണഭൂതൻ.

പാർട്ടിക്കുള്ളിലെ തിരുത്തൽ ശക്തിയായി നിൽക്കാൻ വലിഞ്ഞുകയറി വന്ന ജോസഫിനും കൂട്ടർക്കും സമുദായത്തിന്റെ പിന്തുണ കൊടുത്തത് ആലഞ്ചേരി പിതാവും കൂട്ടരുമായിരുന്നു. ഒടുവിൽ ഈ ആലഞ്ചേരി മെത്രാൻ പറയുന്നത് കേട്ട് ചാലക്കുടി സീറ്റിൽ തിരുമേനിയുടെ പാർശ്വവർത്തിയെ നിർത്തി.

ആ പാവം എട്ടുനിലയിൽ പൊട്ടി. ആ സ്ഥാനാർഥി അന്നും ഇന്നും ഒരു പാവമാണ് എന്നാണ് മാളോരു പറയുന്നത്. മാണിയെ ശക്തമായി എതിർത്ത് നിന്നിരുന്ന ആലഞ്ചേരി പിതാവ് പറഞ്ഞവനെ സ്ഥാനാർത്ഥിയാക്കുക വഴി ജോസ് തന്റെ കഴിവുകേട് കാണിക്കുകയാണ് ചെയ്തത്.

എൽഡിഎഫിൽ എത്തുന്നതിനു മുമ്പ് കാര്യങ്ങൾ ചർച്ച ചെയ്ത് ഉറപ്പുകൾ വാങ്ങണമായിരുന്നു. 15 അസംബ്ലിയും 3 പാർലമെന്റും കിട്ടുമായിരുന്ന ഒരു അവസ്ഥയിൽ നിന്നും 12 നിയമസഭ സീറ്റിലേക്ക് താഴ്ന്നുപോയത് ചർച്ചക്ക് വിട്ട വിദ്വാന്മാരുടെ സ്വാർത്ഥത ഒന്നുകൊണ്ടുമാത്രമായിരുന്നു.

ജി പിമാർ മുതൽ കോർപ്പറേഷൻ വരെ വീതം വയ്പ് നേരത്തെ നടത്തണമായിരുന്നു. എന്തിന് എല്ലാ പഞ്ചായത്തിലും ഒന്നും രണ്ടും സീറ്റ് വീതം ചോദിച്ചു വാങ്ങാൻ പോലും ആരുമില്ലായിരുന്നു. എൽഡിഎഫിൽ ചേർന്ന സമയത്ത് , കഷ്ടകാലത്ത് കൂടെ നിന്നവരെ മുഴുവൻ ഒഴിവാക്കി പഴയ പിരിവുകാരെ മുഴുവൻ ചുമതല ഏല്പിച്ചത് ജോസിന്റെ അപക്വമായ നീക്കമായിരുന്നുവെന്ന് പറയാതെ വയ്യ.

ഒടുവിൽ ജോസ് ചോദിച്ചുവാങ്ങിയതൊന്നും വെളിച്ചത്ത് വന്നില്ല , ജോസിന്റെ അപക്വമായ തീരുമാനങ്ങൾ മുഴുവൻ കൂടുതൽ മസാല ചേർത്ത് പുറത്ത് വരികയും ചെയ്തു. ജോസ് ഇപ്പോൾ വിശ്വസിച്ച് കൂടെ നിറുത്തിയിരിക്കുന്നവർ മുഴുവൻ ഒന്നല്ല പലവട്ടം താങ്കളെ തള്ളി പറഞ്ഞവരാണ്. ഇനിയും ആദ്യമേ കിട്ടുന്ന അവസരത്തിൽ അവർ അത് തന്നെ ആവർത്തിക്കും.

രണ്ടര കൊല്ലമായി, കോർപ്പറെഷൻ ചെയര്മാന്മാരുടെയും ജിപിമാരുടെയും ഒക്കെ കാലാവധി കഴിയാറായില്ലേ. സാധിക്കുമെങ്കിൽ ആലഞ്ചേരി പിതാവിന്റെ ബന്ധുക്കളെയോ നിങ്ങളെ ഏറ്റവും കൂടുതൽ ഉപദേശിച്ചു ചീത്തയാക്കിയ മുൻ ന്യായാധിപന്മാരുടെ ബന്ധുക്കളെയോ നിങ്ങളെ സ്ഥാനത്തും അസ്ഥാനത്തും ഉപദ്രവിച്ച ആരുടെയെങ്കിലും ബന്ധുക്കളെയോ തിരഞ്ഞുപിടിച്ച് നിയമിക്ക്. കഷ്ടകാല സമയത്ത് കൂടെ നിന്നവരെ ആരെയും നിയമിക്കരുത്. ഓർമ്മപ്പെടുത്തിയെന്ന് മാത്രം .

Leave a Reply

Your email address will not be published. Required fields are marked *