Your Image Description Your Image Description
Your Image Alt Text

ചികിത്സയ്‌ക്കായി ഇന്ത്യൻ ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിന് പിന്നാലെ മാലിദ്വീപ് സ്വദേശിയായ 14കാരൻ മരിച്ചെന്ന് പരാതി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച് , ഇന്ത്യ നൽകിയ ഡോർണിയർ വിമാനം മാലിദ്വീപിൽ എയർ ആംബുലൻസായി ഉപയോഗിക്കുന്നുണ്ട്. ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഈ വിമാനം ഉപയോഗിച്ച് വന്നിരുന്നത്.

ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വിൽമിങ്ടനിൽ താമസിക്കുന്ന 14 വയസ്സുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ബ്രെയിൻ ട്യൂമർ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയർ ആംബുലൻസ് ആവശ്യപ്പെട്ടു.
എന്നാൽ എയർ ആംബുലൻസിന് അനുമതി തേടി 16 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി നൽകാൻ വ്യോമയാന അധികൃതർ തയ്യാറായില്ല.

മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ മാലെയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിന് അനുമതി നൽകിയതിലെ കാലതാമസമാണ് കുട്ടിയുടെ ജീവൻ നഷ്ടമാകാൻ കാരണമെന്നും കുടുംബം ആരോപിച്ചു.

നിരവധി പേർ മുഹമ്മദ് മുയിസുവിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
അപേക്ഷ ലഭിച്ചയുടൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെന്നും അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കൽ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു.

കുട്ടി മരിച്ചതിനെ തുടർന്ന് ആശുപത്രിക്കു പുറത്ത് പ്രതിഷേധം നടന്നതായി മാലദ്വീപിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസി‍ഡന്റിന്റെ ഇടപെടലിനെ തുടർന്നാണ് എയർ ആംബുലൻസിന് അനുമതി ലഭിക്കാതിരുന്നതെന്നും ആരോപണം ഉയർന്നു. ‘‘ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീർക്കാൻ ആളുകൾ അവരുടെ ജീവൻ പണയപ്പെടുത്തേണ്ടതില്ല.’’– മാലദ്വീപ് എംപി മീകെയിൽ നസീം എക്‌സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *