Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ അഴിമതിക്കാരോ?. ജീവനക്കാരിൽ അഴിമതിക്കാരുണ്ടെന്നു സൂചിപ്പിച്ച് സർക്കാരിന്റെ പ്രചാരണവീഡിയോ. തദ്ദേശസ്വയംഭരണവകുപ്പിലെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ആപ്പിന്റെ പ്രചാരണ വീഡിയോയിലാണ് വിവാദപരാമർശം.

ഹോട്ടൽതുടങ്ങുന്നതിന് അനുമതിതേടുന്നയാളും ഉദ്യോഗസ്ഥനും ഭക്ഷണം കഴിക്കാനെത്തുന്ന ഒരാളുമാണ് വീഡിയോയിൽ. ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കുന്ന രംഗത്തോടെയാണ് വീഡിയോയുടെ തുടക്കം. ഇങ്ങനെ ഭക്ഷണം കഴിക്കൽമാത്രമേ നടക്കുന്നുള്ളൂ, ലൈസൻസ് കിട്ടുന്നില്ലല്ലോയെന്നു പരാതിപ്പെടുന്നു അപേക്ഷകൻ.ശരിയാക്കിത്തരാം, പക്ഷേ, അവിടെ (ഓഫീസിൽ) വേറെ ചെലവന്മാരുണ്ട്, അവരെ കാണേണ്ടപോലെ കണ്ടാലേ കാര്യം നടക്കൂ എന്ന് വലിച്ചുവാരി ഭക്ഷണംകഴിക്കുന്ന ഉദ്യോഗസ്ഥന്റെ മറുപടി.

ഇതുകേട്ട് തൊട്ടപ്പുറത്തിരുന്നു ഭക്ഷണംകഴിക്കുന്ന മൂന്നാമൻ, ‘ഭായി, ലൈസൻസ് കിട്ടാൻ ഇങ്ങനെ സുഖിപ്പിക്കേണ്ട, കെ-സ്മാർട്ടുവഴി ഓൺലൈനിൽ അപേക്ഷിച്ചാൽമതി’യെന്നു പറയുന്നു. കഴിച്ച ഭക്ഷണത്തിന്റെ പണം നൽകിയിട്ടു പൊയ്ക്കോയെന്നുപറഞ്ഞ് അപേക്ഷകൻ സ്ഥലംവിടുന്നതോടെ വീഡിയോ അവസാനിക്കുന്നു.

പരസ്യം ജീവനക്കാരെ അവഹേളിക്കലാണെന്നാണ് ആക്ഷേപം. കെ-സ്മാർട്ട് തയ്യാറാക്കിയ ഇൻഫർമേഷൻ മിഷൻ കേരളയുടെതാണ് പരസ്യം.പരസ്യം തയ്യാറാക്കിയതിൽ ശ്രദ്ധക്കുറവുണ്ടായെന്നും ജോലിഭാരത്തിൽ കഷ്ടപ്പെടുന്ന ജീവനക്കാർക്കെതിരേ പ്രചാരണം ശരിയല്ലെന്നും ജോയന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ അഴിമതിയുണ്ടെന്ന കുറ്റസമ്മതമായി മാത്രമേ കാണാനാകൂയെന്നും ജീവനക്കാർക്കുമാത്രമല്ല, ഭരണാധികാരികൾക്കുകൂടി പരസ്യം നാണക്കേടാണെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *