Your Image Description Your Image Description
Your Image Alt Text

മുംബൈ: മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി വി. മുരളീധരന്റെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും. ഇത്തവണയും മഹാരാഷ്ട്രയിൽനിന്നുതന്നെ അദ്ദേഹം രാജ്യസഭയിലേക്ക് എത്തുമെന്നാണ് ബി.ജെ.പി.വൃത്തങ്ങൾ നൽകുന്ന സൂചന. മഹാരാഷ്ട്രയിൽനിന്നുള്ള ആറ്‌് രാജ്യസഭാ എം.പി.മാരാണ് ഏപ്രിൽ രണ്ടിന് വിരമിക്കുന്നത്. ഇവരുടെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി അവസാനവാരം വന്നേക്കും.

കേന്ദ്രമന്ത്രിമാരായ നാരായൺ റാണെ, വി. മുരളീധരൻ, മുതിർന്ന ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കർ, ശിവസേനാ നേതാവ് അനിൽ ദേശായ്, എൻ.സി.പി.യിൽനിന്നുള്ള വന്ദന ചവാൻ, കോൺഗ്രസ് പ്രതിനിധിയും മുതിർന്ന പത്രപ്രവർത്തകനുമായ കുമാർ കേത്കർ എന്നിവരുടെ കാലയളവാണ് ഏപ്രിൽ രണ്ടിന് കഴിയുന്നത്. ശിവസേനയും എൻ.സി.പി.യും പിളർന്ന സാഹചര്യത്തിൽ ഈ പാർട്ടികളെ പ്രതിനിധീകരിച്ച് ശിവസേനയുടെ ഏക്‌നാഥ് ഷിന്ദേ പക്ഷത്തിനും എൻ.സി.പി.യിലെ അജിത് പവാർ പക്ഷത്തിനും ഓരോ എം.പി.മാരെവീതം രാജ്യസഭയിലേക്ക് അയയ്ക്കാം. കോൺഗ്രസിൽനിന്ന് അടുത്തിടെ ഷിന്ദേ പക്ഷത്തേക്ക് മാറിയ മുരളി ദേവ്‌റയായിരിക്കും ഷിന്ദേ പക്ഷത്തിന്റെ പ്രതിനിധി. ബി.ജെ.പി.യും കോൺഗ്രസും പുതിയ അംഗങ്ങളെ രാജ്യസഭയിലേക്ക് വിടാനാണ് താത്പര്യപ്പെടുന്നത്. എന്നാൽ, വി. മുരളീധരന്റെ കാര്യത്തിൽ ഈ തീരുമാനം മാറ്റാനാണ് സാധ്യതയെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു. മുതിർന്ന നേതാവ് വിനോദ് താവ്‌ഡെ, വിനയ് സഹസ്ര ബുദ്ധെ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. അജിത് പവാറിന്റെ മകൻ പാർഥ് പവാറിനെ രാജ്യസഭയിലേക്കയയ്ക്കാനുള്ള നീക്കത്തിലാണ്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കോൺഗ്രസ്, കുമാർ കേത്കറിനുപകരം മറ്റൊരാളെയായിരിക്കും കണ്ടെത്തുക. മാർച്ച് രണ്ടാംവാരത്തിലായിരിക്കും രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *