Your Image Description Your Image Description

തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിജിപി ഓഫീസ് മാര്‍ച്ചില്‍ നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ ജനപീരങ്കിലും കണ്ണീര്‍ വാതകവും പ്രയോഗിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. പ്രതിപക്ഷ നേതാവ്, മുന്‍ പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഇരിക്കുന്ന വേദിക്ക് പിറകിലേക്ക് ഗ്രാനേഡും ജലപീരങ്കിയും പ്രയോഗിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

പ്രതിപക്ഷ നേതാവ്, എട്ട് എംപിമാര്‍, 10 എംഎല്‍എമാര്‍, മുന്‍ പ്രതിപക്ഷ നേതാവ് എന്നിവര്‍ ഇരിക്കുന്ന വേദിയിലേക്കാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചതെന്നും ഇത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് നടപടി. ഇവരുടെയെല്ലാം ജീവന്‍ അപകടത്തിലാക്കുന്ന സ്ഥിതിയായിരുന്നുവെന്നും എംപി പ്രതികരിച്ചു.

കേരളത്തിലെ പൊലീസ് ഗുണ്ടകളായി മാറിയെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്ന വേദിയിലേക്കാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. അടിക്കടി തിരിച്ചടിയുണ്ടാവുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

സഹിക്കാന്‍ കഴിയാത്ത പെരുമാറ്റമാണ് ഉണ്ടായതെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് ഇങ്ങനെ ചെയ്തത്. ശക്തിയേറിയ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചത്. ജനാധിപത്യരീതിയിലാണ് സമരം നടന്നതെന്നും എംപി പ്രതികരിച്ചു.ക്യാബിനറ്റ് റാങ്കിലുള്ള പ്രതിപക്ഷ നേതാവ് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ഗ്രാനേഡ് പ്രയോഗിച്ചത്. ഇതാണോ ശീലമെന്നെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

‘ഇവനൊക്കെ ധൈര്യം ഉണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ ഗ്രാനേഡ് അടിക്കട്ടെ. ധൈര്യം ഉണ്ടോ. ഒരു തരത്തിലും കോണ്‍ഗ്രസ് പ്രകോപിപ്പിച്ചിട്ടില്ല. അജണ്ടയുടെ അടിസ്ഥാനത്തിലാണ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. സമാധാനപരമായ പ്രതിഷേധത്തിന് നേരെയാണ് ഗ്രനേഡ് ഉപയോഗിച്ചത്. പിണറായി വിജയന്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ പ്രതിഷേധം ഉണ്ടാവാന്‍ പാടില്ലെന്നാണ് സിപിഐഎം തീരുമാനമെങ്കില്‍ പ്രതിഷേധം എന്തെന്ന് കാണിച്ചുതരാം. പുതിയ ശീലങ്ങള്‍ പിണറായി തുടങ്ങിവെച്ചാല്‍ ഞങ്ങളും കാണിച്ച് തരാം. സമരം എങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ കാണിച്ചുതരാം. പിണറായി വിജയന്‍ അല്ലെ തുടങ്ങിവെച്ചത്. അദ്ദേഹം തന്നെ അവസാനിപ്പിക്കട്ടെ.’ എന്നും രാഹുല്‍ പ്രതികരിച്ചു.

കണ്ണീര്‍ വാതക പ്രയോഗത്തില്‍ പൊലീസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *