Your Image Description Your Image Description
Your Image Alt Text

ഇംഫാൽ: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഉപയോ​ഗിക്കുന്ന ബസിൽ ലിഫ്റ്റ്, കോൺഫറൻസ് റൂം, സ്ക്രീൻ, ശുചിമുറി, കിടക്ക അടക്കമുള്ള ആധുനിക സൗകര്യങ്ങൾ. ബസിൽ നിന്ന് ഇറങ്ങാനും കയറാനും മാത്രമല്ല ലിഫ്റ്റ് ഉപയോ​ഗിക്കുന്നതെന്ന പ്രത്യേതകയുമുണ്ട്. ലിഫ്റ്റ് ബസിന്റെ മുകളിലേക്ക് ഉയരുകയും അതിൽ നിന്ന് രാഹുൽ ജനത്തെ അഭിസംബോധന ചെയ്ത് പ്രസം​ഗിക്കുകയും ചെയ്യും. എട്ട് പേർക്ക് യോ​ഗം ചേരാവുന്ന കോൺഫറൻസ് റൂമും ബസിന്റെ പിന്നിൽ ഒരുക്കിയിരിക്കുന്നു. യാത്രക്കിടെ തെരഞ്ഞെടുത്തവരുമായി രാഹുൽ സംവദിക്കും. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ ബസിന് പുറത്ത് സജ്ജീകരിച്ച സ്ക്രീനിൽ ദൃശ്യമാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർക്കുൻ ഖാർഗെയുടെയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയയുടെയും ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.

‘നഫ്രത് കാ ബസാർ മേ മൊഹബത് കി ദുകാൻ’, ‘മൊഹബത് കി ദുകാൻ’ തുടങ്ങിയ രാഹുലിന്‍റെ പ്രശസ്ത വാചകങ്ങളും എഴുതിയിരിക്കുന്നു.  തെലങ്കാന രജിസ്ട്രേഷൻ ബസാണ് രാഹുൽ യാത്രക്കായി തെരഞ്ഞെടുത്തത്. രണ്ട് മാസം നീളുന്നതാണ് ഭാരത് ജോഡോ ന്യായ് യാത്ര. ഞായറാഴ്‌ച തൗബാൽ ജില്ലയിലെ ഖോങ്‌ജോം യുദ്ധസ്‌മാരകത്തിനു സമീപത്തുനിന്ന്‌ ആരംഭിച്ച യാത്ര തിങ്കളാഴ്ച നാഗാലാൻഡിലേക്ക്‌ നീങ്ങി.

കലാപം നടന്ന കാങ്പോക്പി, സേനാപതി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സംസാരിച്ചു. മണിപ്പൂരിലെ കലാപത്തിൽ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുൽ ഇന്നലെ ബസ്സിൽ സഞ്ചരിച്ചത്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. നാഗാലാൻഡിൽ രണ്ട് ദിവസമാണ് രാഹുൽ പര്യടനം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *