Your Image Description Your Image Description
Your Image Alt Text

അഹമ്മദാബാദ്: ഇംഗ്ലണ്ട് എ ടീമിനെതിരായ ദ്വിദിന സന്നാഹ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങി യുവതാരം രജത് പാടീദാര്‍. ഇംഗ്ലണ്ട് ലയണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 233 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ എ ആറ് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെന്ന ശക്തമായ നിലയിലാണ്. സെഞ്ചുറി നേടിയ രജത് പാടീദാറിന്(111) പുറമെ സര്‍ഫറാസ് ഖാനും കെ എസ് ഭരത്തും ധ്രുവ് ജുറെലും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി.

സര്‍ഫറാസ് ഖാന് നാലു റണ്‍സകലെ സെഞ്ചുറി നഷ്ടമായപ്പോള്‍ കെ എസ് ഭരത് 64ഉം ധ്രുവ് ജുറെല്‍ 50ഉം റണ്‍സെടുത്ത് പുറത്തായി. 141 പന്തില്‍ 18 ഫോറും ഒരു സിക്സും പറത്തിയാണ് രജത് പാടീദാര്‍ 111 റണ്‍സടിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചു കൂട്ടിയിട്ടും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മാത്രം വിളി എത്താത്ത സര്‍ഫറാസ് ഖാനാകട്ടെ 110 പന്തില്‍ 96 റണ്‍സടിച്ച് പുറത്തായി. 11 ഫോറും ഒരു സിക്സും പറത്തിയാണ് സര്‍ഫറാസ് 96 റണ്‍സടിച്ചത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലിടം നേടിയ കെ എസ് ഭരത് 69 പന്തില്‍ 64 റണ്‍സടിച്ചപ്പോള്‍ ധ്രുവ് ജുറെല്‍ 38 പന്തില്‍ 50 റണ്‍സടിച്ച് പുറത്തായി. 18 റണ്‍സോടെ എം ജെ സുതറും ഒമ്പത് റണ്‍സോടെ പുള്‍കിത് നാാരങുമാണ് ക്രീസില്‍. തമിഴ്നാട് യുവതാരം പ്രദോഷ് രഞ്ജന്‍ പോള്‍(21), ക്യാപ്റ്റൻ അഭിമന്യു ഈശ്വരന്‍(31) എന്നിവര്‍ക്ക് വലിയ സ്കോര്‍ നേടാനായില്ല.

ഇന്നലെ ഇംഗ്ലണ്ട് ലയണ്‍സ് 233 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 60 റണ്‍സെടുത്ത ഡാന്‍ മൗസ്‌ലിയും 45 റണ്‍സെടുത്ത ഒലി റോബിന്‍സണുമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ഇന്ത്യ എക്കായി വിദ്വത് കവരെപ്പ രണ്ട് വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *