Your Image Description Your Image Description
Your Image Alt Text

ഒരു വർഷം കൊണ്ട് മികച്ച പ്രവർത്തനം കാഴ്ചവച്ച് ഒരു കോടിയിലധികം വരുമാനം നേടി മാതൃകയായി തൃശൂർ ജില്ലയിലെ ഗുരുവായൂർ നഗരസഭയുടെ അമിനിറ്റി സെന്റർ. ഗുരുവായൂർ നഗരസഭ അമിനിറ്റി സെന്റർ (കുടുംബശ്രീ നഗര ഉപജീവന കേന്ദ്രം) ഒരു വർഷം പിന്നിടുമ്പോൾ ഒരു കോടി ഒരു ലക്ഷത്തി പതിനേഴായിരത്തി അഞ്ഞുറ്റി അറുപത്തിരണ്ട് രൂപ വരുമാനമാണ് നേടിയത്. പടിഞ്ഞാറെ നടയിൽ ഗുരുവായൂർ നഗരസഭയുടെ ടൂറിസ്റ്റ് അമിനിറ്റി സെന്ററിന്റെ പ്രവർത്തനം കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷന്റെ കീഴിൽ നഗര ഉപജീവന കേന്ദ്രമായി ഏറ്റെടുത്തു.

ക്ലോക്ക് റൂമും ഡോർമെറ്ററിയും ഫ്രഷ് അപ്പ് സൗകര്യങ്ങളും 40 പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു കോൺഫ്രൻസ് ഹാളും വിശ്രമസ്ഥലവുമാണ് ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. കൂടുതലായും ഫ്രഷ് അപ്പ് സൗകര്യങ്ങളാണ് ഉള്ളത്. ആകെ 40 ശുചിമുറികളും 8 ഡ്രസ്സിംഗ് റൂമുകളും ഉണ്ട്. കൂടാതെ ആകെ 32 ഡോർമെറ്ററി സ്പേസ് ആണ് ഉള്ളത് അതിൽ 16 ബെഡ് സ്പേസ് പുരുഷന്മാർക്കും 16 ബെഡ് സ്പേസ് സ്ത്രീകൾക്കും വേണ്ടിയുള്ളതാണ്. ഒരു ഡോർമെട്രിയിൽ എട്ടു ബെഡുകളാണ് വരുന്നത്. രാത്രികാലങ്ങളിൽ ഹാളിൽ വിരിയും, തലയണയും കൊടുക്കുന്നുണ്ട്. കൂടാതെ നഗര ഉപജീവന കേന്ദ്രത്തിന്റെ കീഴിൽ ഇവന്റ് മാനേജ്മെന്റും, വിവിധ നൈപുണ്യ പരിശീലനവും നൽകുന്നുണ്ട്.

24 മണിക്കൂർ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ഗുരുവായൂർ നഗരസഭയിലെ 32 കുടുംബശ്രീ വനിതകൾ 3 ഷിഫ്റ്റുകളിലായി ജീവനക്കാരായി പ്രവർത്തിക്കുന്നു. ഇതിനോട് ചേർന്ന് 4 കുടുംബശ്രീ വനിതകൾ ചേർന്ന് നടത്തുന്ന ഒരു ലഘു ഭക്ഷണശാലയുമുണ്ട്. കുടുംബശ്രീ ഉത്പന്നങ്ങൾ ഉൾപ്പടെയുള്ളവ വിപണനം നടത്തുന്നതിനായിട്ടുള്ള സിഗ്നേച്ചർ ഷോപ്പും ഇവിടെ പ്രവർത്തിക്കുന്നു. ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം നഗരസഭ വിഹിതമായി അടവാക്കുന്നുണ്ട്. ബാക്കി 50 ശതമാനത്തിൽ നിന്നുമാണ് സ്ഥാപനത്തിന്റെ എല്ലാ ചെലവുകളും നിർവ്വഹിക്കുന്നത്.

ഗുരുവായൂർ നഗരസഭ പ്രസാദ് പദ്ധതിയിൽപ്പെടുത്തി 4 കോടി രൂപ ചെലവഴിച്ച് പണി പൂർത്തികരിച്ച സ്ഥാപനം പതിവ് ടെണ്ടർ നടപടികൾക്ക്‌ പോകാതെ ‘പ്രാദേശിക അവസരങ്ങൾ പ്രാദേശികർക്ക് നൽകികൊണ്ട് നാടിന്റെ സുസ്ഥിര വികസനം’ എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയെ ഏൽപ്പിക്കാൻ ഗുരുവായൂർ നഗരസഭ കൗൺസിലിൽ തീരുമാനിച്ചു. ഈ തീരുമാനത്തിൽ കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായ നഗര ഉപജീവന കേന്ദ്രം ആക്കികൊണ്ട് 17 നവംബർ 2022 ൽ കുടുബശ്രീ ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *