Your Image Description Your Image Description

ശതകോടീശ്വരനും ടെസ്‌ല മേധാവിയുമായ ഇലോൺ മസ്‌കും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൊമ്പ്കോർക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതിനിടെ മസ്കിന്റെ കമ്പനി നിർമിച്ച തന്റെ ടെസ്‌ല മോഡൽ എസ് ട്രംപ് വിൽക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. കാർ ഒഴിവാക്കാൻ ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസിന്റെ ഗാരേജിൽ നിർത്തിയിട്ടിരിക്കുന്ന ചുവപ്പ് നിറത്തിലുള്ള ടെസ്‌ല മോഡൽ എസ് വാഹനമാണ് വിൽക്കാൻ അമേരിക്കൻ പ്രസിഡന്റ് തയ്യാറെടുക്കുന്നത്.

ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് സംവിധാനമാണുള്ള വാഹനമാണിത്. 98.0 kWh ബാറ്ററി പായ്ക്കുള്ള ഇതിൽ ഒറ്റ ചാർജിൽ ഏകദേശം 524 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. ഈ വർഷം ആദ്യം വാങ്ങിയ ചുവന്ന ടെസ്‌ല വിൽക്കുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും നൽകുന്നതിനെക്കുറിച്ചോ ട്രംപ് ആലോചിക്കുന്നുണ്ടെന്നാണ് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ടെസ്ല സിഇഒ ഇലോൺ മസ്കിനോടുള്ള പിന്തുണ പ്രകടിപ്പിക്കാനായിരുന്നു ട്രംപ് മോഡൽ എസ് വാങ്ങിയത്.

അന്ന് ടെസ്‌ല വ്യാപകമായ പ്രതിഷേധങ്ങളെയും ഓഹരി വിലയിലെ വലിയ ഇടിവിനെയും നേരിടുകയായിരുന്നു. എന്നാൽ, ട്രംപിന്റെ തീരുവ യുദ്ധത്തോട് ഉൾപ്പടെ തന്റെ എതിർപ്പ് പരസ്യമാക്കി മസ്‌ക് രം​ഗത്തു വന്നതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. തീരുവകള്‍ പിന്‍വലിക്കണമെന്ന് മസ്‌ക് ട്രംപിനോട് അഭ്യര്‍ഥിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വലിയ അസ്വാരസ്യങ്ങളുണ്ടായി. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന ട്രംപിന്റെ വിശേഷണത്തെയും മസ്‌ക് പരിഹസിച്ചു. ഇത് പിന്നീട് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയിൽ (ഡോജ്) നിന്നുള്ള മസ്‌കിന്റെ രാജിലേക്ക് വരെ കാര്യങ്ങളെത്തിച്ചു.

ഇതിനിടെ മസ്‌കുമായി ഒത്തുതീർപ്പിനില്ലെന്നും എല്ലാ ബന്ധവും അവസാനിച്ചുവെന്നും ട്രംപ് പ്രതികരിച്ചു. ഇലോൺ മസ്കുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാൻ ആലോചനയില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ ടെലിഫോൺ ഇന്റർവ്യൂവിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇലോൺ മസ്ക് വരുന്ന തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളെ പിന്തുണച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മസ്കുമായുള്ള ബന്ധം അവസാനിച്ചുവെന്നാണ് കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

‘ഞാൻ മറ്റു കാര്യങ്ങളിൽ വളരെ തിരക്കിലാണ്. ഞാൻ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇത് സംഭവിക്കുന്നതിന് വളരെ മുമ്പേ ഞാൻ അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ നൽകി. എന്റെ ആദ്യ ഭരണകാലത്ത് ഞാൻ അദ്ദേഹത്തിന് അവസരങ്ങൾ നൽകുകയും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഞാൻ അദ്ദേഹവുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല. 2026 ൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളെ ഇലോൺ മസ്ക് പന്തുണയ്ക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ മസ്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും’ – ട്രംപ് പറഞ്ഞു. എന്നാൽ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്‌സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *