Your Image Description Your Image Description

മാര്‍ച്ചിലാണ് ബെംഗളുരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ട് അപ്പ് അള്‍ട്രാവയലറ്റ് നിര്‍ണായകമായ പ്രഖ്യാപനം നടത്തിയത്. അതുവരെ ലക്ഷങ്ങള്‍ വിലയുള്ള സ്‌പോര്‍ട്ടി പ്രീമിയം ഇവി ബൈക്കുകള്‍ പുറത്തിറക്കിയിരുന്ന അള്‍ട്രാവയലറ്റ് അന്നായിരുന്നു രണ്ട് ജനകീയ മോഡലുകള്‍ പുറത്തിറക്കിയത്. ടെസെറാക്ട് ഇലക്ട്രിക് സ്‌കൂട്ടറും ഷോക്ക് വേവ് ഡെര്‍ട്ട് ബൈക്ക് ഇവിയും. ഗംഭീര ഡിസൈനും ഫീച്ചറുകളുമായെത്തിയ ടെസെറാക്ട് 24 മണിക്കൂറില്‍ 10,000 ബുക്കിങ് പൂര്‍ത്തിയാക്കി. എന്നാല്‍ ഷോക്ക്‌വേവ് ഡെര്‍ട്ട് ബൈക്കിനെക്കുറിച്ച് കാര്യമായ വാര്‍ത്തകളുണ്ടായില്ലെന്ന പരാതി ഇനിയില്ല. അള്‍ട്രാവയലറ്റ് ഷോക്ക്‌വേവിന്റെ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു.

നേരത്തെ കമ്പനി പുറത്തുവിട്ട ഡിസൈനില്‍ നിന്നും പ്രൊഡക്ഷന്‍ മോഡലിലേക്കെത്തിയപ്പോള്‍ മാറ്റങ്ങളുണ്ടെന്ന് പുതിയ ഡിസൈന്‍ പറയുന്നു. കണ്‍സെപ്റ്റ് മോഡലിലുണ്ടായിരുന്ന ഫോക്ക് കവറും ബ്രേക്ക് ലിവര്‍ പ്രൊട്ടക്ടറുകളും പ്രൊഡക്ഷന്‍ മോഡലിലേക്കെത്തിയപ്പോള്‍ ഇല്ല. പകര്‍പ്പവകാശത്തിനായി സമര്‍പ്പിച്ച ചിത്രത്തില്‍ ഹെഡ് ലൈറ്റ്, ടെയില്‍ ലാംപ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും ഇല്ലെന്നതും ശ്രദ്ധേയമാണ്. ഓഫ് റോഡ് വാഹനത്തിന് യോജിച്ച പുതിയ ഭാരം കുറഞ്ഞ പ്ലാറ്റ്‌ഫോമിലാണ് ഷോക്ക് വേവിനെ അള്‍ട്രാവയലറ്റ് ഒരുക്കിയിരിക്കുന്നത്. സാധാരണ റോഡുകളില്‍ ഓടിക്കാന്‍ അനുമതിയുള്ള ഓഫ് റോഡ് വാഹനമായിട്ടാവും ഷോക്ക് വേവ് എത്തുക. 14.5 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറാണ് 4 കിലോവാട്ട് ബാറ്ററിയുമായി ചേര്‍ത്തിരിക്കുന്നത്.

ഐഡിസി അംഗീകരിച്ച റേഞ്ച് 165 കിലോമീറ്ററാണ്. വെറും 2.9 സെക്കന്‍ഡില്‍ മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗം തൊടാന്‍ ഷോക്ക് വേവിനാവും. പരമാവധി ടോര്‍ക്ക് 505 എന്‍എം. ആകെ 120 കിലോഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗം. നാല് ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകള്‍ ബൈക്കിനുണ്ട്. ഡ്യുവല്‍ ചാനല്‍ എബിഎസ്, 6 ലെവലിലുള്ള റീജെനറേറ്റീവ് ബ്രേക്കിങ് എന്നിവയും ഫീച്ചറുകളായെത്തുന്നു. 19/17 ഇഞ്ച് വയര്‍ സ്‌പോക്ക് വീലുകളില്‍ 90/90R19, 110/90R17 ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍. കോസ്മിക് ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ് എന്നിങ്ങനെ രണ്ട്‌ നിറങ്ങള്‍. 2026 തുടക്കത്തില്‍ അള്‍ട്രാവയലറ്റ് ഷോക്ക്‌വേവ് വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴേക്കും ഹീറോ മോട്ടോകോര്‍പിന്റെ വിഡയും ഈ വിഭാഗത്തില്‍ ഇലക്ട്രിക്ഓഫ് റോഡര്‍ പുറത്തിറക്കും.

Leave a Reply

Your email address will not be published. Required fields are marked *