Your Image Description Your Image Description
Your Image Alt Text

നവ കേരള സദസ്സ് ഇങ് തിരുവനന്തപുരത്തെത്തി , സമാപിക്കാൻ മണിക്കൂറുകളേയുള്ളുവെങ്കിലും പാലായിലെ മുഖ്യമന്ത്രി പിണറായിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ച അവസാനിച്ചില്ല . ഒരു കാര്യം മനസ്സിലായി ഈ ചർച്ച ഇപ്പോഴും സജീവമാക്കി നിറുത്തുന്നത് കോൺഗ്രസ്സാണ് . അവർക്ക് ഒറ്റ ലക്ഷ്യമേയുള്ളു , വെടക്കാക്കി തനിക്കാകുക , പച്ചമലയാളത്തിൽ പറഞ്ഞാൽ കഴുത കാമം കരഞ്ഞു തീർക്കുന്നു .

നമ്മൾ ഒന്ന് കീറി മുറിച്ചു പരിശോധിച്ചാൽ മനസ്സിലാകുന്നത് , പിണറായി പറഞ്ഞതും ശത്രുക്കൾ മെനഞ്ഞതും തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ടെന്നാണ് .

മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പരാമർശിച്ചത് ആങ്കർ എന്ന് ഇംഗ്ലീഷിൽ പറയുന്ന അവതാരകന്റെ അവതരണത്തെപ്പറ്റിയായിരുന്നു. അല്ലാതെ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം പറഞ്ഞ സംഘാടക സമിതി ചെയർമാൻ ചാഴിക്കാടനെ പറ്റിയായിരുന്നില്ല.

ഇത് പറയുവാനുള്ള കാരണം കാസർകോട് മുതൽ പാലാവരെ പല നിയോജകമണ്ഡലത്തിലെയും അവതാരകനായിരുന്ന അന്യജില്ലക്കാരനായ സഖാവ് ഇത്രയും നിയോജക മണ്ഡലത്തിൽ അവതരിപ്പിച്ചിട്ടും വിട്ടുപോയ ചില കാര്യങ്ങൾ സ്വന്തം പാർട്ടിക്കാരനായ അവതാരകനെ മുഖ്യമന്ത്രി ഒന്ന് ഓർമ്മിപ്പിച്ചു .

അതിനെ കോൺഗ്രസുകാരും കൈയ്യാലപ്പുറത്തിരുന്ന് കൈയ്യടിച്ച മാണി വിരുദ്ധരും ദുർവ്യാഖ്യാനം ചെയ്തു. പിണറായി വിജയൻ വീണ്ടും പറഞ്ഞു എന്റെ സ്നേഹിതൻ ചാഴിക്കാടനും അത് തിരിച്ചറിഞ്ഞില്ലന്ന് . അവതാരകൻ അവതരണത്തിൽ വരുത്തിയ കുറവ് സ്വാഗത പ്രാസംഗികനായ ചാഴിക്കാടൻ തിരിച്ചറിയേണ്ടതായിരുന്നില്ലേ എന്ന ചോദ്യമാണ് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചത്.

സത്യത്തിൽ അവതാരകനെയും സ്വാഗത പ്രസംഗികനേയും തിരിച്ചറിയാൻ പറ്റാത്തവരാണ് കോൺഗ്രസ് നേതാക്കളെന്ന സത്യം ജനം ഇപ്പോൾ തിരിച്ചറിഞ്ഞു. അല്ലേലും ഈ കോൺഗ്രസുകാർ അങ്ങനെയാണ് തിരിച്ചറിവ് കുറച്ച് കുറവാണ്. കാലം കഴിയുമ്പോഴേ തിരിച്ചറിവ് ഉണ്ടാവുകയുള്ളൂ.

ഇപ്പോഴാണ് കർഷക സ്നേഹം ഇവർക്ക് നിറഞ്ഞു തുളുമ്പുന്നത്. മുമ്പ് സരിത എംഎൽഎമാരല്ല ഹരിത എംഎൽഎമാരാണ് എന്നുപറഞ്ഞു നടന്നവരെല്ലാം ഇപ്പോൾ ഉപാധി രഹിത പട്ടയം , കർഷകന്റെ അവകാശമാണെന്ന് വിളിച്ചുകൂവി നടക്കുന്നുണ്ട്. എപ്പോഴാണ് ഇവർക്ക് ഈ ബോധോദയം ഉണ്ടായത്?

ജോസ് കെ മാണി ഇടതുമുന്നണിയോട് ചോദിച്ചു വാങ്ങുന്നുവെന്ന് കണ്ടപ്പോഴല്ലേ ?. അതാണ് ഇവരുടെ സങ്കടം. ഈ രീതിയിൽ മുന്നോട്ട് പോയാൽ ജോസ് ഇടത് മുന്നണിയെക്കൊണ്ട് കർഷകർക്ക് ആവശ്യമുള്ളത് മുഴുവൻ ചോദിച്ചു വാങ്ങി കൊടുക്കും.

“ഇവറ്റകൾക്കൊന്നും ചെയ്തു കൊടുക്കരുത്. എല്ലാം ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനം മാത്രമേ കൊടുക്കാവൂ. എന്തെങ്കിലും ചെയ്തു കിട്ടിയാൽ പിന്നെ ഇവറ്റകൾ ഒന്നും നമ്മുടെ കൂടെ നിൽക്കില്ല.” അതാണ് കോൺഗ്രസിന്റെ പ്രഖ്യാപിത നയം.

ആസിയാൻ കരാർ കൊണ്ടുവന്ന് കേരളത്തിലെ റബ്ബർ കർഷകരെ മുഴുവൻ റബ്ബർ ബാൻഡ് കൊണ്ടുതന്നെ മുറുക്കി കെട്ടിയത് കോൺഗ്രസുകാരാണന്ന് അഭിമാനത്തോടെ പറയാൻ എത്ര കോൺഗ്രസുകാർക്കാകും? റബ്ബറിന്റെ ഇറക്കുമതി ചുങ്കം കൂട്ടണമെന്ന് പറഞ്ഞു നിവേദനം കൊടുക്കാൻ ചെന്ന ജോസ് കെ മാണി എം പിയെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടതും കണ്ടം വഴി ഓടിച്ചതും കോൺഗ്രസ് നേതാവായ ചിദംബരമാണെന്ന് എത്ര കോൺഗ്രസുകാർ പറയും?

കേരളത്തിലെ കർഷകരുടെ മുഴുവൻ ശാപം വാങ്ങിയ ജയറാം രമേശ് എന്ന കോൺഗ്രസുകാരനാണ് ഗാഡ്ഗിൽ-കസ്തൂരിരംഗൻ കമ്മറ്റികളുടെ ഉപജ്ഞാതാവെന്ന് എത്ര കോൺഗ്രസുകാർ നെഞ്ചിൽ കൈവച്ച് പറയും?

കർഷകന്റെ ഒപ്പം നിൽക്കുന്നതിനേക്കാൾ കർഷകനെപ്പറ്റിച്ച് എതിർ ചേരിയിൽ കൂടുന്നതാണ് ലാഭമെന്ന് മനസ്സിലാക്കി കസ്തൂരിരംഗൻ റിപ്പോർട്ടിനെ അനുകൂലിച്ച് ഇടുക്കിയിൽ നിന്നും ഒളിച്ചോടിയ നേതാവിന്റെ പേര്. പി. ടി. തോമസ് എന്ന് തന്നെയല്ലേ? ബ്ലാക്ക് ഫണ്ടിന്റെ സ്വാധീനത്തിലാണ് ഇത് നടന്നതെന്ന എതിരാളികളുടെ ആക്ഷേപം തെറ്റാണെന്ന് പി ടി തോമസോ മറ്റ് ഏതെങ്കിലും കോൺഗ്രസുകാരോ പറഞ്ഞതായി അറിവില്ല –

കെ എം മാണിയും കൂട്ടരും ഹൈറേഞ്ചിൽ നൽകിയ പട്ടയം കരുണാകരന്റെ നിർദേശപ്രകാരം പിറ്റേന്ന് വന്ന് തിരിച്ചു , പിടിച്ചു വാങ്ങിക്കൊണ്ടുപോയ നേതാവിന്റെ പേര് കമൽനാഥ് എന്നല്ലേ? അതെ കമൽനാഥ് അല്ലേ ഇപ്പോൾ മധ്യപ്രദേശ് , ബിജെപിക്ക് എഴുതി കൊടുത്തത്?

തെറ്റ് തിരുത്തി വാ…. സതീശാ , കിടന്ന് മോങ്ങാതെ , തെറ്റ് തിരുത്തി വാ…. പൂർവ്വികർ ചെയ്തതെല്ലാം തെറ്റായിരുന്നുവെന്ന് സത്യം വിളിച്ചു പറ. അതല്ലാതെ പൂർവ്വികരെ ന്യായീകരിച്ച് ന്യായീകരിച്ച് നാറല്ലേ…. കർഷകർക്കും ആത്മാഭിമാനമുണ്ട്. …

ജോസിനും റോഷിക്കും ജയരാജനും ചാഴിക്കാടനും മുഖ്യമന്ത്രി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിരുന്നു. അതുകൊണ്ടാണ് ഇത്രയും കുത്തി കുത്തി ചോദിച്ചിട്ടും അവർ പ്രതികരിക്കാതിരുന്നത്. ഏതായാലും കോൺഗ്രസിന്റെ ചിലവിൽ ചാഴികാടന്റെ ഇലക്ഷൻ പ്രചാരണം ഒരു റൗണ്ട് നടന്നു. മാണി ഗ്രൂപ്പിന് കോൺഗ്രസിനോട് എന്നും നന്ദിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

Leave a Reply

Your email address will not be published. Required fields are marked *