Your Image Description Your Image Description

അമേരിക്ക ഏർപ്പെടുത്തിയ താരിഫ് ഭീഷണികൾ മൂലം ഇറക്കുമതി രാജ്യങ്ങൾ വിപണിയിൽ നിന്ന് പിൻവലിഞ്ഞു. തന്മൂലം റബറിന് വിലയിടിയുന്ന സാഹചര്യത്തിൽ ടാപ്പിങ് നിർത്തിവച്ച് തായ്ലൻഡ് ഭരണകൂടം. ഏഷ്യൻ റബർ കർഷകർക്ക്‌ താങ്ങ്‌ പകരുകയെന്ന ലക്ഷ്യത്തോടെയാണ് റബർ ടാപ്പിങ്‌ താൽക്കാലികമായി നിർത്താൻ ഉൽപാദകരോട്‌ അഭ്യർഥിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ടാപ്പിങ്‌ നിർത്തുന്നത്‌ തന്നെയാണ്‌ ഏറ്റവും മികച്ച ചുവടുവെപ്പ്‌. തായ്‌ ഭരണകൂടത്തിന്റെ നിർദേശം ലക്ഷക്കണക്കിനു വരുന്ന അവിടത്തെ കർഷകർ രണ്ട്‌ കൈയും നീട്ടി സ്വീകരിച്ചതായാണ്‌ വിവരം.

ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്നതും ഏറ്റവും കൂടുതൽ റബർ കയറ്റുമതി നടത്തുന്നതും തായ്‌ലൻഡാണ്‌. ഒരു മാസം അവിടെ റബർ വെട്ട്‌ നിർത്തിയാൽ ഏകദേശം അഞ്ച്‌ ലക്ഷം ടൺ റബർ വിപണിയിലേക്ക്‌ പ്രവഹിക്കുന്നത്‌ ഒറ്റയടിക്ക്‌ പിടിച്ചു നിർത്താനാവും. വർഷങ്ങൾക്ക്‌ മുമ്പേ റബർ വില ഇടിവിൽ നിന്നും കർഷകരെ രക്ഷിക്കാൻ സ്‌റ്റോക്ക്‌ കത്തിച്ച ചരിത്രവും ബാങ്കോക്കിനുണ്ട്‌. പുതിയ നീക്കത്തെ തുടർന്ന്‌ റബർ വില കിലോ 199 രൂപയിൽ നിന്നും 209 വരെ ഉയർന്ന്‌ ഇടപാടുകൾ നടന്നു.

ആഗോള ഉൽപാദകർക്ക്‌ താങ്ങുപകരുന്ന ഈ നീക്കത്തിന്‌ പക്ഷേ പിന്തുണ നൽകാൻ ഇതര റബർ ഉൽപാദക രാജ്യങ്ങൾ തയാറായില്ല. ഇന്തോനേഷ്യയും മലേഷ്യയും ഇക്കാര്യത്തിൽ നിശ്ശബ്‌ദത പാലിച്ചത്‌ അവസരമാക്കി ടയർ ലോബി തന്ത്രപരമായി രംഗത്തുനിന്നും അകന്നു. കേരളത്തിലെ പ്രമുഖ വിപണികളിൽ ഷീറ്റ്‌ വില ഉയരുമെന്ന്‌ കർഷകർ കണക്കുകൂട്ടിയെങ്കിലും ടയർ ലോബി കൊച്ചിയിൽ ആർ.എസ്‌.എസ്‌ നാലാം ഗ്രേഡ്‌ കിലോ 197ൽ നിന്നും 195ലേക്ക്‌ താഴ്‌ത്തി. കാലവർഷത്തിന്‌ തുടക്കം കുറിക്കുന്നതോടെ പുതിയ ഷീറ്റ്‌ വരവിന്‌ തുടക്കം കുറിക്കുമെന്ന നിലപാടിലാണ്‌ അവർ വില ഉയർത്തി ഷീറ്റ്‌ സംഭരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *