Your Image Description Your Image Description

ചേര്‍ത്തല: കാർ മോഷണക്കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ 23 വര്‍ഷത്തിനുശേഷം പിടികൂടി. കൊല്ലം കുണ്ടറ സ്വദേശിയായ കോയമ്പത്തൂര്‍ പുതുമല്‍പേട്ട കലച്ചിക്കാട് വെയര്‍ഹൗസില്‍ ഭുവനചന്ദ്രനെ (ഗ്യാസ് രാജേന്ദ്രന്‍-56) യാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. 2002-ല്‍ ചേര്‍ത്തല സ്വദേശിയുടെ കാര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ കോടതിയില്‍നിന്നു ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. കോയമ്പത്തൂരില്‍ താമസിച്ചിരുന്ന ഇയാള്‍ തുടര്‍ന്ന്, കൊല്ലം പ്ലാപ്പള്ളി, തൃശ്ശൂര്‍, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചു വരുകയായിരുന്നു. ശാന്തന്‍പാറയില്‍ അയല്‍വാസികളോടെല്ലാം നല്ല ബന്ധം സ്ഥാപിച്ചിരുന്ന ഭുവനചന്ദ്രന്‍ ദൂരസ്ഥലങ്ങളിലായിരുന്നു മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്.

ഇയാള്‍ രണ്ടര ഏക്കര്‍ സ്ഥലവും ബംഗ്ലാവ് വീടും ഒറ്റദിവസംകൊണ്ട് ആരുമറിയാതെ വിറ്റ് രാത്രിതന്നെ വീടുമാറിപ്പോയതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ഇയാളോടൊപ്പം പല കേസുകളില്‍ പലപ്പോഴായി പിടിയിലായ വിവിധ ജില്ലകളിലുള്ളവരെ കണ്ടെത്തി ചോദ്യംചെയ്തും മാസങ്ങളായി നടത്തിയ അന്വേഷണത്തിനുമൊടുവിലാണ് ഭുവനചന്ദ്രനെ കുടുക്കിയത്.
കേരളത്തിലെ വിവിധ ജില്ലകളിലായി ഒട്ടേറെ മോഷണക്കേസുകളിലും കഞ്ചാവു കേസുകളിലും ഭുവനചന്ദ്രൻ പ്രതിയാണ്. ഇയാളെ അങ്കമാലിയില്‍ നിന്നാണ് പിടികൂടിയത്. ചേര്‍ത്തല എഎസ്പി ഹരീഷ് ജെയിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. ചേര്‍ത്തല പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. അരുണ്‍, എസ്‌ഐ എസ്. സുരേഷ്, എഎസ്‌ഐ ബിജു കെ. തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *