Your Image Description Your Image Description

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മലപ്പുറം സിറ്റിംഗ് തിരൂർ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഹാളിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. മൊറയൂർ ഗ്രാമപഞ്ചായത്തിലെ പീടിയേക്കൽ – എ.എം.എൽ.പി സ്‌കൂൾ- കുഴിക്കാട്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഹിക്മത് ഇസ്ലാം സുന്നി മദ്രസ്സ സെക്രട്ടറി നൽകിയ ഹർജിയിന്മേൽ നടപടി അവസാനിപ്പിച്ചു. റോഡിന്റെ പുനർ നിർമ്മാണം നടന്നുവരികയാണെന്നും രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നുമുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ അവസാനിപ്പിച്ചത്. കീഴുപറമ്പ് പ്രാഥമിക ആരോഗ്യകേന്ദ്രം മറ്റൊരു കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റണമെന്ന ഹർജിയും കമ്മീഷൻ പരിഗണിച്ചു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുകയാണെന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിക്കുമെന്നുമുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ അവസാനിപ്പിച്ചു.

ആരാധനാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് അധികൃതർക്കെതിരെ തിരൂരങ്ങാടി സ്വദേശി നൽകിയ ഹർജിയിലും കമ്മീഷൻ തുടർ നടപടികൾ അവസാനിപ്പിച്ചു. പ്രശ്നപരിഹാരത്തിനായി ഇരുകക്ഷികളും തമ്മിൽ ചർച്ച നടത്താൻ നിർദ്ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിനാലാണ് തുടർനടപടികൾ അവസാനിപ്പിച്ചത്.
ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പരിൽ വാട്ട്സ് ആപ്പിലൂടെയും പരാതി നൽകാവുന്നതാണെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *