Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്‌ലി നടി അവനീത് കൗറിന്‍റെ ഫോട്ടോ ലൈക്ക് ചെയ്തതിനെ ട്രോളി ഡല്‍ഹി പോലീസ്. ട്രാഫിക് ബോധവല്‍ക്കരണ സന്ദേശത്തിലാണ് ഡല്‍ഹി പോലീസ് കോഹ്‌ലിയുടെ അല്‍ഗോരിതം തിയറിയെ കളിയാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.

ഒരുകാര്യം ഞങ്ങള്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ ക്യാമറകള്‍ പരിശോധിക്കുമ്പോള്‍ അതിന്‍റെ അല്‍ഗോരിതത്തില്‍ പല ഇടപെടലുകളും നടന്നതായി കാണുന്നു. അത് അമിത വേഗത്തില്‍ പോകുന്നവരെയും ഗതാഗത നിയമം ലംഘിക്കുന്നവരെയും ശിക്ഷിക്കാനുള്ളതാണ്. പൊതുനിരത്തിൽ അമിത വേഗതയും അഭ്യാസങ്ങളും നടത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അറിയിക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു ഡല്‍ഹി പോലീസിന്‍റെ പോസ്റ്റ്.

ആദ്യം ഒരു ഒരു പതിവ് പോസ്റ്റായാണ് ഇതിനെ കണ്ടതെങ്കിലും പിന്നീടാണ് വിരാട് കോഹ്‌ലിയുടെ അടുത്തകാലത്തെ അല്‍ഗോരിതം തിയറിയുമായി പോസ്റ്റിന് ബന്ധമുണ്ടെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞത്. അവനീത് കൗറിന്‍റെ ഫോട്ടോ ലൈക് ചെയ്തത് വിവാദമായപ്പോള്‍ തന്‍റെ ഫീഡ് ക്ലിയർ ചെയ്യുമ്പോൾ, അൽഗോരിതം തെറ്റായി ലൈക് രജിസ്റ്റർ ചെയ്തിരിക്കാമെന്ന് തോന്നുന്നു. അതിന് പിന്നിൽ മറ്റൊരു ഉദ്ദേശ്യവുമില്ലായിരുന്നു എന്നാണ് വിരാട് കോഹ്‌ലി മറുപടി നൽകിയത്.

ഇതിന് പിന്നാലെ വിരാട് കോഹ്‌ലിയുടെ അല്‍ഗോരിതം തിയറിയെ കളിയാക്കി ഗായകന്‍ രാഹുല്‍ വൈദ്യ തമാശ വീഡിയോ ചെയ്യുകയും വിരാട് കോഹ്‌ലി തന്നെ ബ്ലോക്ക് ചെയ്തതായി ഗായകന്‍ അറിയിക്കുകയും ചെയ്തിരുന്നു. അല്‍ഗോരിതമാകും ഇത്തവണയും കോഹ്‌ലിയെ ചതിച്ചതെന്നായിരുന്നു വൈദ്യയുടെ പ്രതികരണം. കരിയറിലെ ഒരു ഘട്ടത്തില്‍ ആ‍ർസിബി വിടുന്നതിനെക്കുറിച്ചുപോലും താന്‍ ചിന്തിച്ചിരുന്നുവെന്ന് കോഹ്‌ലി ആര്‍സിബി പോഡ്കാസ്റ്റില്‍ ഇന്ന് പറഞ്ഞിരുന്നു. മായന്തി ലാംഗറുമായുള്ള പോ‍ഡ്കാസ്റ്റില്‍ 2016 നും 2019 നും ഇടയിലുള്ള തന്‍റെ കരിയറിലെ ദുഷ്‌കരമായ ഘട്ടത്തെക്കുറിച്ചും കോഹ്‌ലി മനസുതുറന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *