Your Image Description Your Image Description

ജോലിസ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമം (പോഷ് ആക്ട് 2013) പുരുഷന്മാർക്കെതിരെയല്ല അനീതി പരിഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ പറഞ്ഞു. പോഷ് ആക്ട് നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. 

പോഷ് ആക്ട് ലിംഗ നിഷ്പക്ഷമാണ്. (ജെൻഡർ-ന്യൂട്രൽ).തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ പരാതിപ്പെടാനുള്ള ഇന്റേണൽ കമ്മിറ്റി (ഐ.സി) ലോക്കൽ കമ്മിറ്റി (എൽ.സി) എന്നിവയുടെ പ്രവർത്തനങ്ങൾ സ്ത്രീകൾക്ക് പലപ്പോഴും അറിയില്ല. ഇത്തരം കമ്മിറ്റികൾ തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പോലും പലർക്കും അറിവില്ല, ചെയർപേഴ്സൺ പറഞ്ഞു.

സംഘടിതവും അസംഘടിതവുമായ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് എൽ.സിയിൽ പരാതിപ്പെടാൻ സാധിക്കും.

പലപ്പോഴും എൽ.സിയിൽ പരാതികൾ ലഭിക്കാത്തതിന്റെ കാരണം ജോലിസ്ഥലത്ത് സ്ത്രീകൾ ചൂഷണങ്ങൾ നേരിടാത്തതല്ല. മറിച്ച് അത്തരം ഒരു സംഭവം ഉണ്ടായാൽ ഇത്തരം കമ്മിറ്റികൾ പ്രവർത്തിക്കുന്നതായി അറിവില്ലാത്തതാകാം. പരാതികൾ ലഭിച്ചാൽ പോലും പരാതിയിൽ അന്വേഷിച്ച് മികച്ച തീരുമാനം ലഭിക്കുമെന്ന വിശ്വാസം പരാതിക്കാരന് വേണം. സ്ഥാപനമേധാവിക്ക് എതിരെയാണെങ്കിൽ പോലും പരാതി ലഭിച്ചാൽ അതിൽ കമ്മിറ്റി മെമ്പർമാർക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല. ഒരു വനിത പരാതി തന്നാൽ അവർക്ക് ന്യായം നൽകേണ്ടത് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. വിദ്വേഷം വെച്ച് സ്ത്രീകൾ തെറ്റായ പരാതികൾ നൽകിയാലും നടപടി സ്വീകരിക്കാനും പോഷ് ആക്ട് വഴി സാധിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.

 

തൊഴിലിടങ്ങളിലെ പീഡനം പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, നിയമം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, പ്രശ്നങ്ങൾ ഉണ്ടായാൽ പരാതിപ്പെടാൻ ആവശ്യമായ പിന്തുണ നൽകുക എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

 

പരാതി പരിഹാര സംവിധാനങ്ങളുടെ ഫലപ്രാപ്തിയും സ്ഥാപനങ്ങളിലെ ഐ.സി, എൽ.സി കമ്മിറ്റികളുടെ നിലയും യോഗം അവലോകനം ചെയ്തു.

പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനും സ്ത്രീകൾക്ക് അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ നീതി തേടുന്നതിനും നിയമം സഹായമാണ്.

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ്, ദേശീയ വനിതാ കമ്മീഷൻ സീനിയർ അനലിസ്റ്റ് ബിനു പീറ്റർ, എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഇന്റേണൽ കമ്മിറ്റി പ്രതിനിധികൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *