Your Image Description Your Image Description

നിലമ്പൂർ: തൃണമൂൽ കോൺ​ഗ്രസിനെ യുഡിഎഫിലേക്കെത്തിക്കാൻ സമ്മർദ്ദം ശക്തമാക്കി പി.വി അൻവർ. ബുധനാഴ്ച കോൺ​ഗ്രസ് നേതാക്കൾ അൻവറുമായി നടത്തുന്ന ചർച്ചയിൽ മുന്നണി പ്രവേശനം സാധ്യമല്ലെങ്കിൽ പിന്തുണയില്ലെന്ന നിലപാട് അൻവർ അറിയിച്ചേക്കുമെന്നാണ് സൂചന. പി.വി അൻവറിനെ യുഡിഎഫിലെടുക്കാൻ മുന്നണിയിൽ തടസ്സങ്ങളില്ലെന്നും തൃണമൂൽ കോൺ​ഗ്രസിനെ മുന്നണിയിലെടുക്കുന്നതിനെ ചൊല്ലിയാണ് തീരുമാനം വൈകുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. തൃണമൂലില്ലാതെ യുഡിഎഫിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അൻവർ.

അൻവർ ഒറ്റയ്ക്ക് യുഡിഎഫുമായി സഹകരിക്കില്ലെന്നും ടിഎംസിയെ മുന്നണിയുടെ ഭാ​ഗമാക്കണമെന്നുമാണ് തൃണമൂൽ കോൺ​ഗ്രസ് മലപ്പുറം കോർഡിനേറ്റർ ഉൾപ്പടെയുള്ളവർ ആവശ്യപ്പെടുന്നത്. പി.വി അൻവർ യുഡിഎഫുമായി സഹകരിക്കാമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും മുന്നണിയിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ വിശദമായ ചർച്ചകൾ വേണമെന്നുമാണ് നിലമ്പൂർ മണ്ഡലത്തിന്റെ ചുമതലയുള്ള എ.പി അനിൽ അനിൽ കുമാറിന്റെ വിശദീകരണം. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടും പി.വി അൻവർ കഴിഞ്ഞ ദിവസം എ.പി അനിൽകുമാറുമായി ചർച്ചയും നടത്തിയിരുന്നു.

തൃണമൂൽ കോൺ​ഗ്രസ് ദേശീയ പാർട്ടിയാണെന്നിരിക്കെ ആ പാർട്ടിയെ യുഡിഎഫിന്റെ ഘടക കക്ഷിയാക്കിയെടുക്കാൻ കോൺ​ഗ്രസിനകത്തും യുഡിഎഫ് നേതാക്കളുമായും ചർച്ച വേണമെന്നും അതിന് ശേഷം മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ എന്നുമാണ് അനിൽ കുമാർ പറയുന്നത്. 23-ന് നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ പി.വി അൻവർ സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്. യുഡിഎഫിന് മുൻതൂക്കം ഉളള മണ്ഡലത്തിൽ അൻവർ സ്ഥാനാർത്ഥിയായി പ്രഖ്യാപനം നടത്തിയാൽ യുഡിഎഫിന് വിജയ സാധ്യത പ്രതിസന്ധിയിലാവും എന്നതിനാൽ അൻവറിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *