Your Image Description Your Image Description

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ലഭിച്ച ഒരു പരാതിയില്‍ അമ്മ അച്ചടക്ക സമിതി അന്വേഷണം നടത്തുകയാണെന്ന് നടിയും അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ അന്‍സിബ ഹസന്‍. നടന് പറയാനുള്ളതും കൂടി കേട്ടതിനു ശേഷം മാത്രമേ പരാതിയിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയൂ. താരം അറസ്റ്റിലായ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മയക്ക്മരുന്ന് ഉപയോഗിക്കുന്ന ആളുകളുടെ മാനസിക ആരോഗ്യം പരിഗണിച്ച് അവര്‍ക്ക് പുനരധിവാസം നല്‍കുകയാണ് വേണ്ടതെന്നും അന്‍സിബ പറഞ്ഞു.

മയക്കുമരുന്ന് കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കി നമ്മുടെ യുവാക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇത് പറയുമ്പോള്‍ താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് വ്യാഖ്യാനിക്കരുതെന്നും ഈ മഹാവിപത്തിനു അടിമപ്പെട്ടവരെ തിരിച്ചു ജീവിതത്തിലേക്ക് വരാന്‍ അവസരം നല്‍കുന്നതുവഴി യുവാക്കള്‍ക്ക് വലിയൊരു സന്ദേശമാണ് നല്‍കാന്‍ കഴിയുക എന്നും അന്‍സിബ ഹസന്‍ പറഞ്ഞു.

‘ഞാനിപ്പോള്‍ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ്. അതുകാരണം വാര്‍ത്തകള്‍ ഒന്നും വിശദമായി കാണാന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ലഭിച്ച ഒരു പരാതി ‘അമ്മ’ അച്ചടക്ക സമിതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സംഭവിച്ച സിനിമയുടെ അണിയറപ്രവര്‍ത്തകരെ ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഷൈനിനോട് സമിതിക്ക് മുന്നില്‍ ഹാജരാകാനും പറയാനുള്ളത് പറയാനും അറിയിച്ചിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് മാത്രമേ ആ പരാതിയില്‍ ഒരു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയൂ. ഷൈന്‍ അറസ്റ്റില്‍ ആയെങ്കില്‍ ഇനി അന്വേഷണം എങ്ങനെ മുന്നോട്ട് എങ്ങനെ പോകും എന്ന് അറിയില്ല. എല്ലാവരും കൂടി കൂട്ടായി ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ അതില്‍ ഒരു തീരുമാനം അറിയിക്കാന്‍ കഴിയൂ.’ അന്‍സിബ പറയുന്നു.

‘മയക്കുമരുന്നിന് അടിമയായ ഒരാള്‍ മാനസികമായി നല്ല ഒരു അവസ്ഥയില്‍ ആയിരിക്കില്ല. അയാളെ ഇതുപോലെ സമൂഹ വിചാരണ നടത്താതെ തിരിച്ച് ജീവിതത്തിലേക്ക് വരാന്‍ ഒരു അവസരം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. ഒരു പ്രാവശ്യമെങ്കിലും അബദ്ധത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ പിന്നെ ലഹരിയുടെ പിടിയില്‍ ആവുകയാണ്. ഇത് സിനിമയില്‍ മാത്രമല്ല സമൂഹത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ ലഹരിക്ക് അടിമപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ലഹരിക്ക് അടിമയാകുന്നവരെ നാശത്തിലേക്ക് പോകാതെ ഒരു മനുഷ്യനായി മാറാന്‍ അവസരം കൊടുക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇങ്ങനെയുള്ള ആളുകളെ നമ്മള്‍ ക്രൂശിക്കുകയാണോ അതോ പുനരധിവാസത്തിനു സഹായിക്കുകയാണോ വേണ്ടത് എന്ന് ആലോചിക്കുക. നമ്മള്‍ സമൂഹത്തിന് കൊടുക്കേണ്ട വലിയൊരു മെസ്സേജ് ആണ് അത്.’ അന്‍സിബ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *