Your Image Description Your Image Description
Your Image Alt Text

കൊച്ചി: ആദ്യ സ്വർണച്ചാട്ടം ചേച്ചിയുടേത്‌. പിന്നാലെ അനിയനും. ട്രിപ്പിൾജമ്പിലാണ്‌ ഈ അപൂർവ ഡബിൾ. അഖിലേന്ത്യാ അന്തർസർവകലാശാല അത്‌ലറ്റിക്‌ മീറ്റിൽ സഹോദരങ്ങളായ മീര ഷിബുവും വി എസ്‌ സെബാസ്‌റ്റ്യനും സ്വർണമണിഞ്ഞു. ഇരുവരും ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജ്‌ വിദ്യാർഥികളാണ്‌. പരിശീലകനായ ടി പി ഔസേഫിനും കുട്ടികളുടെ നിഴലായി കൂടെയുള്ള അച്ഛൻ ഷിബു ആന്റണിക്കും ഇരട്ടിമധുരം.

ചെന്നൈയിൽ സമാപിച്ച പുരുഷന്മാരുടെ അഖിലേന്ത്യാ അന്തർസർകലാശാല അത്‌ലറ്റിക്‌ മീറ്റിൽ 16.19 മീറ്റർ ചാടിയാണ്‌ സെബാസ്‌റ്റ്യൻ ഒന്നാമതെത്തിയത്‌. കലിക്കറ്റ്‌ ഓവറോൾ കിരീടം നേടിയ ചാമ്പ്യൻഷിപ്പിൽ മികച്ച അത്‌ലീറ്റിനുള്ള പുരസ്‌കാരവും നേടി. ഡിസംബർ അവസാനവാരം ഭുവനേശ്വറിൽ നടന്ന വനിതകളുടെ ചാമ്പ്യൻഷിപ്പിൽ മീര ഷിബു 12.79 മീറ്റർ ചാടി സ്വർണം നേടിയിരുന്നു.

ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ വെള്ളാനി വടക്കേത്തല വീട്ടിൽ ഷിബുവിന്റെയും സരിതയുടെയും മക്കളാണ്‌. ഇരുവരും രണ്ട്‌ വർഷമായി ടി പി ഔസേഫിന്‌ കീഴിൽ ക്രൈസ്‌റ്റ്‌ മൈതാനത്താണ്‌ പരിശീലനം. സ്‌കൂൾ കാലത്ത്‌ ഹൈജമ്പിൽ മെഡൽ നേടിയിരുന്ന മീരയെ ട്രിപ്പിൾജമ്പിലേക്ക്‌ മാറ്റിയത്‌ ഔസേഫാണ്‌. 10 വർഷത്തോളമായി മക്കൾക്കൊപ്പം  പരിശീലനമൈതാനത്തും മത്സരവേദികളിലും അച്ഛൻ ഷിബുവുണ്ട്‌. മീര ഒന്നാംവർഷ എംകോം വിദ്യാർഥിയാണ്‌. സെബാസ്‌റ്റ്യൻ ബിഎ ഇംഗ്ലീഷ്‌ അവസാനവർഷ വിദ്യാർഥിയും.

Leave a Reply

Your email address will not be published. Required fields are marked *