Your Image Description Your Image Description
Your Image Alt Text

ദോഹ: ലോകകപ്പ്‌ ആവേശം ഒരുവർഷം പിന്നിടുമ്പോൾ  വീണ്ടും ഫുട്‌ബോൾ ആരവം. പുതുവർഷത്തിലെ വമ്പൻ പോരാട്ടങ്ങൾക്ക്‌ അരങ്ങൊരുങ്ങി. ആഫ്രിക്ക, ഏഷ്യ വൻകരകളുടെ ഫുട്‌ബോൾ ടൂർണമെന്റുകൾക്ക്‌ തുടക്കമാകുന്നു. ഇക്കാലം യൂറോപ്യൻ ലീഗിലെ വമ്പൻ ക്ലബ്ബുകൾക്ക്‌ തിരിച്ചടിയാണ്‌. മുഹമ്മദ്‌ സലായും സൺ ഹ്യുങ്‌ മിന്നും അടക്കമുള്ള സൂപ്പർതാരങ്ങളെ ഈ മാസം ക്ലബ്ബുകൾക്ക്‌ നഷ്ടമാകും.

ലോകകപ്പ്‌ വിജയകരമായി നടത്തിയ ഖത്തറാണ്‌ ഏഷ്യൻ കപ്പിന്റെ വേദി.  നിലവിലെ ചാമ്പ്യൻമാരായ ഖത്തർ 12ന്‌ ഉദ്‌ഘാടന മത്സരത്തിൽ ലെബനനെ നേരിടും. 24 ടീമുകൾ അഞ്ച്‌ നഗരങ്ങളിലായി ഒമ്പത്‌ സ്‌റ്റേഡിയങ്ങളിൽ കളിക്കും. അതിൽ ഏഴും ലോകകപ്പിന്‌ വേദിയായിരുന്നു. ലോകകപ്പ്‌ ഫൈനൽ നടന്ന ലുസൈൽ സ്‌റ്റേഡിയമാണ്‌ ഇത്തവണയും പ്രധാനവേദി. ഫൈനൽ ഫെബ്രുവരി 11ന്‌.

ഏഷ്യയുടെ ആധിപത്യത്തിനായുള്ള പോരിൽ ഇന്ത്യയും അണിനിരക്കുന്നു. 1964ൽ റണ്ണറപ്പായതാണ്‌ ഏകനേട്ടം. ഓസ്‌ട്രേലിയ, ഉസ്‌ബക്കിസ്ഥാൻ, സിറിയ എന്നിവരുള്ള ബി ഗ്രൂപ്പിലാണ്‌. 13ന്‌ ഓസ്‌ട്രേലിയക്കെതിരെയാണ്‌ ആദ്യ കളി. കഴിഞ്ഞതവണ 2019ൽ ഇന്ത്യ ഗ്രൂപ്പിൽ അവസാനസ്ഥാനത്തായിരുന്നു. തായ്‌ലൻഡിനോടും (1–-4) യുഎഇയോടും (2–-0) തോറ്റു. ബഹ്‌റൈനെതിരെ ഏകഗോൾ ജയംമാത്രമാണ്‌ ആശ്വാസം.

കിരീടനേട്ടത്തിൽ ഒന്നാംസ്ഥാനം ജപ്പാനാണ്‌. നാലുവട്ടം ജേതാക്കളായപ്പോൾ കഴിഞ്ഞതവണ റണ്ണറപ്പ്‌. സൗദി അറേബ്യ മൂന്നുതവണവീതം ചാമ്പ്യൻമാരും റണ്ണറപ്പുമായി. ഇറാനും മൂന്ന്‌ കിരീടമുണ്ട്‌. ദക്ഷിണകൊറിയ രണ്ടു പ്രാവശ്യം ഏഷ്യയുടെ തലപ്പത്തെത്തി.

ആഫ്രിക്കൻ നേഷൻസ്‌ കപ്പിന്‌ 13നാണ്‌ തുടക്കമാകുക. ഐവറി കോസ്‌റ്റാണ്‌ വേദി. സെനെഗലാണ്‌ നിലവിലെ ചാമ്പ്യൻ. സലായുടെ ഈജിപ്‌താണ്‌ റണ്ണറപ്പ്‌. ഫെബ്രുവരി 11നാണ്‌ ഫൈനൽ. ഈജിപ്‌ത്‌ ഏഴുതവണ ചാമ്പ്യൻമാരായിട്ടുണ്ട്‌. കാമറൂണിന്‌ അഞ്ച്‌ കിരീടം. ഘാന നാലും നൈജീരിയ മൂന്നും തവണ കപ്പ്‌ നേടി.

ഇരുപത്തിനാല്‌ ടീമുകളാണ്‌ നേഷൻസ്‌ കപ്പിൽ. പ്രീമിയർ ലീഗിൽ മുന്നിൽനിൽക്കുന്ന ലിവർപൂളിന്‌ മുഹമ്മദ്‌ സലായുടെ അഭാവം തിരിച്ചടിയാകും. സലായെ വിശ്വസിച്ചാണ്‌ ഈജിപ്‌ത്‌ കിരീടം പ്രതീക്ഷിക്കുന്നത്‌. സെനെഗൽ ടീമിന്റെ ഭാഗമായ പെപെ സാർ ഇംഗ്ലീഷ്‌ ക്ലബ് ടോട്ടനം ഹോട്‌സ്‌പറിനായി തകർപ്പൻ കളിയാണ്‌ സീസണിൽ പുറത്തെടുക്കുന്നത്‌. ഏഷ്യൻ കപ്പിൽ ദക്ഷിണ കൊറിയക്കായി ബൂട്ടുകെട്ടുന്ന ക്യാപ്‌റ്റൻ സൺ ഹ്യുങ്‌ മിന്നിന്റെ അഭാവവും ടോട്ടനത്തിന്‌ തിരിച്ചടിയാണ്‌. ലിവർപൂളിന്‌ ജപ്പാൻകാരൻ വതാരു എൻഡോയുടെ സേവനവും നഷ്ടമാകും.

മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ ആന്ദ്രേ ഒനാന (കാമറൂൺ), വെസ്‌റ്റ്‌ഹാം യുണൈറ്റഡിന്റെ മുഹമ്മദ്‌ കുഡുസ്‌ (ഘാന), അഴ്‌സണൽ താരം മുഹമ്മദ്‌ എൽനെനി (ഈജിപ്‌ത്‌), ക്രിസ്‌റ്റൽ പാലസിന്റെ ജോർദാൻ അയ്യൂ (ഘാന), എവർട്ടന്റെ ഇഡ്രിസ ഗയെ (സെനെഗൽ) തുടങ്ങിയ കളിക്കാരാണ്‌ നേഷൻസ്‌ കപ്പിനായി മടങ്ങുന്നത്‌.

ബ്രൈറ്റന്റെ കൗറു മിതോമ, അഴ്‌സണലിന്റെ തകെഹിറോ ടൊമിയാസു (ജപ്പാൻ) എന്നിവർ ഏഷ്യൻ കപ്പിൽ കളിക്കും.
യൂറോപ്പിലെ ടീമുകൾ അണിനിരക്കുന്ന യൂറോകപ്പും ലാറ്റിനമേരിക്കൻ ടൂർണമെന്റായ കോപ്പ അമേരിക്കയും ഈവർഷമുണ്ട്‌. ജൂൺ 14 മുതൽ ജൂലൈ 14വരെ ജർമനിയിലാണ്‌ യൂറോകപ്പ്‌. കോപ്പ ജൂൺ 20 മുതൽ അമേരിക്കയിലാണ്‌.

ഏഷ്യൻ കപ്പ്‌

ഗ്രൂപ്പ്‌ എ: ഖത്തർ, ചൈന, തജികിസ്ഥാൻ, ലെബനൻ
ഗ്രൂപ്പ്‌ ബി : ഇന്ത്യ, ഓസ്‌ട്രേലിയ, ഉസ്‌ബക്കിസ്ഥാൻ, സിറിയ
ഗ്രൂപ്പ്‌ സി: ഇറാൻ, യുഎഇ, ഹോങ്‌കോങ്, പലസ്‌തീൻ
ഗ്രൂപ്പ്‌ ഡി: ജപ്പാൻ, ഇന്തോനേഷ്യ, ഇറാഖ്‌, വിയറ്റ്‌നാം
ഗ്രൂപ്പ്‌ ഇ: ദക്ഷിണകൊറിയ, മലേഷ്യ, ജോർദാൻ, ബഹ്‌റൈൻ
ഗ്രൂപ്പ്‌ എഫ്‌: സൗദി അറേബ്യ, തായ്‌ലൻഡ്‌, കിർഗിസ്ഥാൻ, ഒമാൻ.
ഇന്ത്യയുടെ കളികൾ
13ന്‌ വൈകിട്ട്‌ 5.00 ഓസ്‌ട്രേലിയ
18ന്‌ രാത്രി 8.00 ഉസ്‌ബക്കിസ്ഥാൻ
23ന്‌ വൈകിട്ട്‌ 5.00 സിറിയ.

Leave a Reply

Your email address will not be published. Required fields are marked *