Your Image Description Your Image Description

കണ്ണൂര്‍: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി സമയം കളയണ്ട. നേരിട്ട് പോകുകയും വേണ്ട, വരാനും വധുവും രണ്ടു സ്ഥലങ്ങളിലാണെങ്കിലും കുഴപ്പമില്ല പത്തുമിനിറ്റിനകം സർട്ടിഫിക്കറ്റ് കൈയിൽ കിട്ടും. നീണ്ട നടപടിക്രമങ്ങള്‍ പൂർത്തിയാക്കാതെ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി സാധിക്കും. ലോകത്തിന്റെ ഏത് കോണില്‍നിന്നും രജിസ്റ്റര്‍ ചെയ്യാം. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി പത്തുമിനിറ്റിനകം ലളിതമായ നടപടിക്രമങ്ങളിലൂടെ രജിസ്‌ട്രേഷന്‍ നടപടികൾ പൂർത്തിയാക്കാം.

ഇങ്ങനെ വീഡിയോ കെവൈസി സൗകര്യം ഉപയോഗപ്പെടുത്തി പഞ്ചായത്തുകളില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദമ്പതിമാരായി പിണറായി സ്വദേശി വൈഷ്ണവും കല്യാശ്ശേരി സ്വദേശി അശ്വതിയും. ഏപ്രില്‍ ആറിനായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വധൂവരന്മാര്‍ക്കൊപ്പം മന്ത്രി എം.ബി. രാജേഷ് പങ്കെടുത്തു. ഓണ്‍ലൈന്‍ നടപടിയിലൂടെ പൂര്‍ത്തിയാക്കിയ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രി തന്നെ ചടങ്ങിവെച്ച് നവദമ്പതിമാര്‍ക്ക് കൈമാറി.

സുഹൃത്തുക്കളായ കെ. വരുണും പി. ശ്വേതയും വഴിയാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കമ്പനി പുതുതായി രൂപകല്പന ചെയ്ത വിവാഹ രജിസ്ട്രേഷന്‍ സോഫ്റ്റ് വെയറിനെക്കുറിച്ച് ഇവർ അറിഞ്ഞത്. തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യല്‍ പുതിയ പദ്ധതി പ്രകാരമാകാമെന്ന് തീരുമാനിച്ചു. പഞ്ചായത്തു തലത്തില്‍ ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ദമ്പതിമാര്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയതോടെയാണ് ഇരുവരുടെയും വിവാഹം സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമാകുന്നത്. നഗരസഭയിലും കോര്‍പ്പറേഷനിലും ഇത് നേരത്തേ നടപ്പാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *