Your Image Description Your Image Description

മൃ​ഗസ്നേഹികളായ മനുഷ്യരുടെ ഏറ്റവും അരുമയാണ് പൂച്ചകൾ. വീട്ടിലെ സ്വീകരണ മുറി മുതൽ അടുക്കളയിലും കിടപ്പുമുറിയിലും വരെ പ്രവേശനമുള്ള വളർത്തുമൃ​ഗമാണ് പൂച്ച. ജന്തുലോകത്ത് ഏറ്റവും വൃത്തിയുള്ള ജീവിയായി കണക്കാക്കുന്നതും പൂച്ചകളെയാണ്. മലവിസർജ്ജനം ചെയ്ത ശേഷം അത് സ്വയം മറവ് ചെയ്യുന്നു എന്നതാണ് പൂച്ചകളുടെ ഒരു പ്രത്യേകത. പണ്ടുകാലത്ത് വലിയ വിലയില്ലാത്ത നാടൻ പൂച്ചകളായിരുന്നു കേരളത്തിലെ വീടുകളിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറി. പതിനായിരങ്ങൾ വിലയുള്ള പേർഷ്യൻ പൂച്ചകളും ഇന്ന് കേരളത്തിലെ പെറ്റ് വിപണിയിൽ സുലഭമാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും വിലകൂടിയ പൂച്ചകൾ ഏതാണെന്ന് നിങ്ങൾക്കറിയാമോ? ചിന്തിക്കാൻ പോലും കഴിയാത്ത വിലയുള്ള ആ പൂച്ചകളുടെ വിശേഷങ്ങളാണ് ഇനി പറയുന്നത്.

ആഷെറ എന്ന ഇനമാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ചയിനമായി കണക്കാക്കപ്പെടുന്നത്. 18 ലക്ഷം മുതൽ ഒരുകോടി വരെ വിലയുണ്ട് ഈ ഇനത്തിൽപെട്ട പൂച്ചകൾക്ക്. ആഷെറ എന്നത് ഒരു ശുദ്ധ ഇനമല്ല കേട്ടോ. നാടനും കാടനും കൂടി ചേർന്നതാണ് കക്ഷി. അതുകൊണ്ട് തന്നെ വന്യതയും ശാലീനതയും ഒത്തുചേർന്ന സൗന്ദര്യമാണിതിന്.

വീട്ടുപൂച്ച, ആഫ്രിക്കയിലെ സെർവാൽ കാട്ടുപൂച്ച, ഏഷ്യൻ ലപ്പേഡ് ക്യാറ്റ് എന്നീ പൂച്ചയിനങ്ങളുടെ സങ്കരമാണു ആഷെറ. ഒരു പുലിക്കുഞ്ഞിനോടു സാമ്യമുള്ളതാണ് ഇവ. ആഷെറയുടെ ഈ രൂപം തന്നെയാണ് ഇതിന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. വളരെ ശാന്തതയുള്ളവയാണ് ഈ ഇനത്തിൽപെട്ട പൂച്ചകൾ. അതുപോലെ തന്നെ ഇവയുടെ യജമാന സ്നേഹവും പ്രസിദ്ധമാണ്.

8 ലക്ഷം മുതൽ 42 ലക്ഷം രൂപ വരെ വിലവരുന്ന സാവന്ന ക്യാറ്റാണ് പൂച്ചകളിലെ മറ്റൊരു വിലകൂടിയ ഇനം.ഇന്റർനാഷനൽ ക്യാറ്റ് അസോസിയേഷൻ അംഗീകരിച്ചിട്ടുള്ള വളർത്തുപൂച്ചയിനമാണ് സാവന്ന ക്യാറ്റ്. സാധാരണ നാട്ടുപൂച്ചകളും ആഫ്രിക്കയിലെ കാട്ടുപൂച്ചയായ സെർവാലും തമ്മിലുള്ള ക്രോസ് ബ്രീഡുകളാണ് സാവന്ന ക്യാറ്റ് ഇനത്തിൽ ഉൾപ്പെടുന്നത്. വലിയ ചെവികളും ശരാശരി ശരീരവുമുള്ള ആഫ്രിക്കൻ കാട്ടുപൂച്ചയാണു സെർവാൽ. സാവന്ന ക്യാറ്റുകൾക്ക് ഈ വലിയ ചെവികൾ കിട്ടിയിട്ടുണ്ട്.സാധാരണ സാവന്ന പൂച്ചകൾക്ക് 14 മുതൽ 17 ഇഞ്ചുകൾ വരെയാണു പൊക്കം.

പുള്ളികളുള്ള രോമക്കുപ്പായവും വളരെ സജീവതയും പ്രസരിപ്പുമുള്ള സ്വഭാവമുള്ള സാവന്ന ക്യാറ്റിന് വ്യായാമമൊക്കെ നന്നായി വേണം.ബ്രിട്ടിഷ് ഷോർട്ഹെയർ, രോമങ്ങളില്ലാത്ത സിഫിൻക്സ്, റഷ്യൻ ബ്ലൂ തുടങ്ങിയവയൊക്കെ ലോകത്തെ വിലകൂടിയ മറ്റു പൂച്ചയിനങ്ങളാണ്.

ഇനി പൂച്ചകളുടെ ഇഷ്ട ഭക്ഷണത്തെ കുറിച്ചു കൂടി പറയാതെ പോകാനാകില്ല. നാടനായാലും ഫോറിനായാലും പൂച്ചയാണെങ്കിൽ ഇഷ്ടവിഭവം മീൻ തന്നെയാണ്. ലോകമെമ്പാടും മനുഷ്യർ പിടിക്കുന്ന മീനിന്റെ ആറു ശതമാനത്തിലധികവും പൂച്ചകൾക്കു തീറ്റയായിട്ടാണത്രേ ഉപയോഗിക്കുന്നത്. അത്രക്ക് ആത്മബന്ധമാണ് അവർ തമ്മിൽ. കടൽമത്സ്യം, പ്രത്യേകിച്ച് ട്യൂണ പോലെയുള്ളവ ആണ് പൂച്ചകളുടെ ഇഷ്ട വിഭവം. എന്നാൽ മരുഭൂമിയിൽ പരിണമിച്ചുണ്ടായ പൂച്ചയെന്ന ജീവിക്ക് മീനിനോട് ഇത്ര കൊതിയെങ്ങനെ ഉണ്ടായി ? ആ ചോദ്യത്തിനും ​ഗവേഷകർ ഉത്തരം കണ്ടുപിടിച്ചിട്ടുണ്ട്.

പൂച്ചകളുടെ രുചിമുകുളങ്ങളിൽ ഉമാമി എന്ന രുചി തിരിച്ചറിയാൻ സഹായിക്കുന്ന റിസപ്റ്ററുകൾ ഉണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത്. മധുരം, ചവർപ്പ്, ഉപ്പ്, കയ്പ് എന്നിവയോടൊപ്പമുള്ള അഞ്ചാമത്തെ സ്വാദാണ് ഉമാമി. കൃത്യമായി പറഞ്ഞാൽ മാംസത്തിനുള്ള രുചിയാണ് ഉമാമി. പൂർണമായും മാംസഭോജികളായ പൂച്ചകൾ ഈ രുചി ഇഷ്ടപ്പെടുന്നതിൽ അദ്ഭുതമില്ലല്ലോ. പക്ഷേ മറ്റു മാംസങ്ങളുടെ രുചിയേക്കാൾ ട്യൂണയുടെ സ്വാദ് പൂച്ചകൾക്ക് പ്രിയതരമാണ്. അതിനുള്ള കാരണവും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ട്യൂണയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പ്രത്യേക രുചിതന്മാത്രകളെ തിരിച്ചറിയാൻ പറ്റുന്ന വിധമാണത്രേ പൂച്ചകളിലെ ടേസ്റ്റ് ബഡ് വികസിച്ചിരിക്കുന്നത്. പൂച്ചകൾക്ക് ഏറെ ഇഷ്ടമാകുന്ന വിഭവങ്ങൾ തയാറാക്കാൻ പെറ്റ് ഫീഡ് നിർമ്മാതാക്കളെ ഈ പഠനം സഹായിക്കുമെന്നാണ ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

ഏറെ സവിശേഷതകളുള്ള അണ്ണാക്കാണ് പൂച്ചകൾക്കുള്ളത്. രുചിയിൽ നിർണായകമായ ഒരു പ്രോട്ടീന്റെ കുറവു കാരണം പൂച്ചകൾക്ക് മധുരം രുചിച്ചറിയാനാവില്ല. മാംസത്തിന് മധുരമില്ലാത്തതിനാൽ പൂച്ചകൾക്ക് ആ കഴിവ് ആവശ്യമില്ലാതാവുകയും സാവധാനം നഷ്ടപ്പെടുകയും ചെയ്തിരിക്കാം. കയ്പറിയാനുള്ള കഴിവും പൂച്ചകളിൽ മനുഷ്യനേക്കാൾ കുറവാണ്. പക്ഷേ പൂച്ചകൾ രുചിക്കുന്ന ഒന്നുണ്ട്. അത് ഇറച്ചിയുടെ ഗംഭീരമായ ഫ്ലേവറാണ്. മനുഷ്യനിലും മറ്റു ചില മൃഗങ്ങളിലും Tas 1 r1, Tas 1 r3 എന്നീ ജീനുകൾ കോഡ് ചെയ്യുന്ന രണ്ടു പ്രോട്ടീനുകളാണ് ടേസ്റ്റ് ബഡുകളിൽ ഒന്നു ചേർന്ന് ഉമാമി സ്വാദറിയാനുള്ള റിസപ്റ്ററുകളാവുന്നത്. പൂച്ചകളിൽ Tas 1 r3 മാത്രമേ പ്രകടമാകുന്നുള്ളൂ എന്നാണ് മുൻപ് കരുതിയിരുന്നത്. എന്നാൽ മേൽപ്പറഞ്ഞ ഗവേഷണപ്രകാരം പൂച്ചകളിലും ഉമാമി സ്വാദറിയാനുള്ള രണ്ടു ജീനുകൾ പ്രകടമാകുന്നുവെന്നാണ് കണ്ടെത്തൽ. അതായത് ഉമാമി സ്വാദറിയാനുള്ള സമ്പൂർണ കഴിവ് പൂച്ചകൾക്ക് ഉണ്ടെന്നർഥം.

എന്നാൽ പഠനത്തിന്റെ അടുത്ത ഘട്ടത്തിൽ, ആ രണ്ടു ജീനുകൾ കോഡ് ചെയ്യുന്ന പ്രോട്ടീൻ ശ്രേണികൾ മനുഷ്യരിലും പൂച്ചകളിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഉമാമി സ്വാദ് തിരിച്ചറിയാൻ കഴിയണമെങ്കിൽ ഭക്ഷണത്തിലെ ഗ്ലൂട്ടാമിക് ആസിഡ്, അസ്പാർട്ടിക് ആസിഡ് എന്നിവയെ ടേസ്റ്റ് ബഡിലെ റിസപ്റ്ററുകൾക്ക് സ്വീകരിക്കാൻ കഴിയണം. ഭക്ഷണത്തിന് ഉമാമി രുചി നൽകാൻ ചേർക്കുന്ന അജിനോമോട്ടോ, മോണോ സോഡിയം ഗ്ളൂട്ടാമേറ്റ് ആണെന്ന് ഓർക്കുക. മനുഷ്യന്റെ ടെസ്റ്റ് ബഡ് റിസപ്റ്ററുകളിൽ ഇതിനുള്ള രണ്ടു പ്രധാന സ്ഥലങ്ങളുണ്ട്. എന്നാൽ പൂച്ചകളിൽ ആ ഭാഗങ്ങൾ മ്യൂട്ടേറ്റ് ചെയ്യപ്പെട്ടതായി കണ്ടതോടെ പൂച്ചകൾക്ക് ഉമാമി സ്വാദറിയാനുള്ള കഴിവില്ലേയെന്ന സംശയം ഗവേഷകരിലുണ്ടായി.

ഈ സംശയം മാറ്റാനായി പരീക്ഷണത്തിന്റെ അടുത്ത ഘട്ടത്തിൽ പൂച്ചകളിലെ ഉമാമി റിസപ്റ്ററുകൾ അടങ്ങിയ കോശങ്ങൾ അവർ നിർമിച്ചു. എന്നിട്ട് ഉമാമി രുചി നൽകുന്ന അമിനോ ആസിഡുകളായ ഗ്ളൂട്ടാമിക്, അസ്പാർട്ടിക് ആസിഡുകളും ന്യൂക്ലിയോടൈഡുകളും കോശങ്ങൾക്ക് നൽകി നോക്കി. പൂച്ചയുടെ റിസപ്റ്ററുകളുള്ള കോശങ്ങൾ ഉമാമി രുചി തിരിച്ചറിഞ്ഞുവെന്നു മാത്രമല്ല, അ സംവിധാനം മനുഷ്യരിടേതിൽനിന്നു വിഭിന്നമായി പ്രവർത്തിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിൽ ഗവേഷകർ 25 പൂച്ചകളെ ഒരു ടേസ്റ്റ് ടെസ്റ്റിനു വിധേയരാക്കി. കുറച്ചു വെള്ളപ്പാത്രങ്ങൾ അവരുടെ മുന്നിൽ വച്ചു കൊടുത്തു. ഉമാമി രുചി നൽകുന്ന അമിനോ ആസിഡുകളും ന്യൂക്ലിയോടൈഡുകളും വ്യത്യസ്ത അളവിൽ അടങ്ങിയ വെള്ളപ്പാത്രങ്ങളും വെറും പച്ചവെള്ളം മാത്രമുള്ള പാത്രങ്ങളും. ഉമാമി സ്വാദ് നൽകുന്ന തൻമാത്രകൾ കലർത്തിയ വെള്ളപ്പാത്രങ്ങളായിരുന്നു പൂച്ചകൾ കൊതിയോടെ കുടിച്ചു തീർത്തത്.

മധുരം മനുഷ്യന് എത്രമാത്രം പ്രിയപ്പെട്ടതാണോ അതു പോലെയാണ് പൂച്ചകൾക്ക് ഉമാമി സ്വാദ്. അതേസമയം നായ്ക്കൾക്ക് മധുരവും ഉമാമിയും രുചിക്കാൻ കഴിയും. അതാവാം നായ്ക്കൾക്ക് മീൻ കാണുമ്പോൾ ഇത്ര ആക്രാന്തം ഇല്ലാത്തത്. പൂച്ചകളിൽ നടത്തിയ പരീക്ഷണത്തിന്റെ കഥ അവിടെ തീരുന്നില്ല. മേൽപറഞ്ഞ വെള്ളപ്പാത്രങ്ങളിൽ ഹിസ്റ്റിഡിൻ, ഇനോസിൻ മോണോഫോസ്‌ഫേറ്റ് എന്നിവ കലർത്തിയ വെള്ളമുള്ള പാത്രങ്ങളും പൂച്ചകൾക്ക് ഏറെ ഇഷ്ടപ്പെട്ടു. ഈ രണ്ടു തൻമാത്രകൾ ഉയർന്ന അളവിൽ ട്യൂണയിൽ അടങ്ങിയിട്ടുണ്ടത്രേ! അപ്പോൾ ഗ്ളൂട്ടാമിക് ആസിഡും ആസ്പാർട്ടിക് ആസിഡും ഹിസ്റ്റിഡിനും ഇനോസിൻ മോണോഫോസ്ഫേറ്റും ഒക്കെ ചേർന്നു സൃഷ്ടിക്കുന്ന ട്യൂണയുടെ ഉമാമി രുചി പൂച്ചകളുടെ ഏറ്റവും വലിയ ‘വീക്ക്നെസ്’ ആയി മാറുന്നു.

പതിനായിരം വർഷങ്ങൾക്കു മുൻപ് മധ്യപൂർവേഷ്യയിലെ മണലാരണ്യത്തിൽ പരിണമിച്ചുണ്ടായ പൂച്ചകളുടെ മെനുവിൽ മീൻ ഉൾപ്പെടുവാനുള്ള യാതൊരു സാധ്യതയുമില്ലായിരുന്നു. എന്നിട്ടും മീനിനോട്, പ്രത്യേകിച്ച് ട്യൂണയോട് ഇത്ര കൊതിയുണ്ടായതിന്റെ രഹസ്യം ഇനിയും വെളിവായിട്ടില്ല. സമയമെടുത്ത് സാവധാനത്തിൽ നടന്ന ഒരു പരിണാമപ്രതിഭാസമായിട്ടാണ് ഗവേഷകർ ഇതിനെ കാണുന്നത്. 1500 ബിസിയിൽ പുരാതന ഈജിപ്തിലെ കലാസൃഷ്ടികളിൽ മീൻ തിന്നുന്ന എലികളെ വിവരിച്ചിട്ടുണ്ട്. മധ്യകാലഘട്ടത്തിൽ മധ്യ കിഴക്കൻ തുറമുഖങ്ങളിലെ പൂച്ചകൾ ട്യൂണ ഉൾപ്പടെയുള്ള മീനുകൾ ധാരാളമായി കഴിച്ചിട്ടുണ്ടാകാം. മീൻ പിടിക്കുന്നവർ ബാക്കി വയ്ക്കുന്ന അവശിഷ്ടങ്ങൾ അവർക്ക് സദ്യയായി മാറിയിരിക്കാം. ഇത്തരം ഘട്ടങ്ങളിലൂടെ മീൻരുചി, പ്രത്യേകിച്ച് സവിശേഷമായ ട്യൂണയുടെ രുചിയറിയുന്ന വിധം അവർ പരിണമിച്ചിട്ടുണ്ടാകാം എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *