Your Image Description Your Image Description

വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടും കായല്‍ സംരക്ഷണത്തിന് വിദഗ്ധ സമിതികള്‍ സമര്‍പ്പിച്ച ശിപാര്‍ശകളും മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഇന്ന് (വെള്ളിയാഴ്ച്ച) കൈമാറി. മുഖ്യമന്ത്രി ആലപ്പുഴയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് റിപ്പോര്‍ട്ട് കൈമാറിയത്.

വേമ്പനാട് കായല്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ശില്‍പശാലയെത്തുടര്‍ന്നാണ് ഉപസമിതികള്‍ രൂപീകരിച്ചത്. കാർഷികം, ജൈവവൈവിധ്യം, പരിസ്ഥിതി ശുചിത്വം, ജലവിഭവം, മത്സ്യബന്ധനം, വിനോദസഞ്ചാരം, ദുരന്ത നിവാരണം, റവന്യൂ എന്നിങ്ങനെ എട്ട് ഉപസമിതികളാണ് വേമ്പനാട് കായല്‍ സംരക്ഷണത്തിനുള്ള ശുപാര്‍ശകളും പദ്ധതികളും സമര്‍പ്പിച്ചത്.
തുടര്‍ന്ന് കമ്മിറ്റികള്‍ നിര്‍ദേശിച്ച ഹൃസ്വ, ദീര്‍ഘകാല നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി പുനരവലോകനം ചെയ്ത ശേഷമാണ് സംസ്ഥാനസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ജൈവ അതിരുകൾ നിർമ്മിക്കുക, വംശനാശഭീഷണി നേരിടുന്ന കര-ജല ജീവികളെ സംരക്ഷിക്കുക, ജലസസ്യങ്ങളുടെ വളർച്ച നിയന്ത്രിക്കുക, കുട്ടനാട് മേഖലയിൽ എസ് ടി പി, എഫ് എസ് ടി പി എന്നിവ സ്ഥാപിക്കുക, ഘട്ടം ഘട്ടമായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ക്രോപ്പ് കലണ്ടർ തയ്യാറാക്കുക, നെല്ല്, മത്സ്യം, താറാവ്, പച്ചക്കറി എന്നിവയുടെ സംയോജിത കൃഷി, നല്ല കാർഷിക രീതികൾ, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ന്യൂതന കൃഷി രീതി എന്നിവ അവലംബിക്കുക, വടയാർ ഡൈവേർഷൻ പദ്ധതിയിലൂടെ ശൂദ്ധജലം കായലിലേയ്ക്ക് എത്തിച്ച് ജല മലിനീകരണവും ജല ലവണാംശവും നിയന്ത്രിക്കുക, വേമ്പനാട് തണ്ണീര്‍ത്തടം ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍ സ്ഥാപിക്കുക, മഴവെള്ളം, വേലിയേറ്റം എന്നിവ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷണം നല്‍കുക തുടങ്ങിയ ശിപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഹ്രസ്വകാല ലക്ഷ്യങ്ങളുടെ ഭാഗമായി സന്നദ്ധസേനകളുടെ സഹകരണത്തോടെ മൂന്ന് ഘട്ടമായി ജില്ലയില്‍ നടത്തിയ പ്ലാസ്റ്റിക് ശുചീകരണ യജ്ഞത്തിലൂടെ 28.720 ടൺ പ്ലാസ്റ്റിക് മാലിന്യം വേമ്പനാട് കായലിൽ നിന്ന് ശേഖരിച്ച് നീക്കിയിരുന്നു.
സംസ്ഥാനത്തെ പരിസ്ഥിതി വീണ്ടെടുക്കല്‍ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പായ പദ്ധതിയുടെ റിപ്പോർട്ടും ശിപാർശകളും നടപ്പ് സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ബന്ധപ്പെട്ട വകുപ്പുകളിലൂടെ നടപ്പിൽ വരുത്തണമെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ അഭ്യര്‍ഥിച്ചു.
ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, നഗരസഭ ചെയർപെഴ്സൺ കെ കെ ജയമ്മ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *