Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: ലക്ഷദ്വീപിന്റെ മനോഹാരിതയെ ആവോളം പ്രകീര്‍ത്തിച്ച് ഇസ്രയേല്‍. അകളങ്കിതവും അതിഗംഭീരവുമാണ് ദ്വീപിന്റെ ഭംഗിയെന്നാണ് ഇസ്രയേല്‍ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രശംസിച്ചിരിക്കുന്നത്. കഴിഞ്ഞ കൊല്ലം തങ്ങളുടെ ഒരു വിദഗ്ധ സംഘം ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയതായും ദ്വീപിലെ ജലത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കുന്ന പദ്ധതി ഉടനെ തന്നെ ആരംഭിക്കാന്‍ തയ്യാറാണെന്നും ഇസ്രയേല്‍ അറിയിച്ചു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഇസ്രയേല്‍ സംഘം സന്ദര്‍ശനം നടത്തിയതെന്നും ലക്ഷദ്വീപിലെ ജലത്തില്‍നിന്ന് ഉപ്പ് വേര്‍തിരിക്കുന്ന പ്രക്രിയ ഏറ്റെടുക്കുന്നതെന്നും ഇസ്രയേല്‍ എംബസി എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ലക്ഷദ്വീപില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്.

ലക്ഷദ്വീപിന്റെ അകളങ്കിതവും ഉജ്ജ്വലവുമായ അന്തര്‍ജലാശയഭംഗി ഇനിയും നേരിട്ടനുഭവിക്കാന്‍ സാധിക്കാത്തവര്‍ക്കായി ദ്വീപിന്റെ വശ്യതയേറിയ അഴക് ആസ്വദിക്കാന്‍ കുറച്ചുചിത്രങ്ങള്‍ പങ്കുവെക്കുന്നു എന്ന കുറിപ്പും കൂടി എംബസി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.ഇതിനിടെ, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാര അന്വേഷണങ്ങളില്‍ വന്‍കുതിച്ചുചാട്ടമുണ്ടായതായി ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വീപ് സന്ദര്‍ശനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോദിയുടെ ദ്വീപ് സന്ദര്‍ശനത്തിന്റെ വീഡിയോദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് നേടിയത്.

പിന്നാലെ മാലദ്വീപിനെ പരോക്ഷമായി താറടിച്ചുകാണിക്കാനും മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ വിനോദസഞ്ചാരശ്രദ്ധാകേന്ദ്രമാക്കി മാറ്റാനുമുള്ള നീക്കമാണിതെന്ന് മാലദ്വീപിലെ മന്ത്രിമാര്‍ പരാമര്‍ശിച്ചത് വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൂന്ന് മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യന്‍ സിനിമാ-കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ലക്ഷദ്വീപിനെ പ്രശംസിച്ച് സാമൂഹികമാധ്യമപോസ്റ്റുകള്‍ പങ്കുവെക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *