Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പദവിക്ക് അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഇന്ന് വാദംകേള്‍ക്കല്‍ ആരംഭിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെയാണ് വാദംകേള്‍ക്കല്‍. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടോ എന്ന കാര്യത്തിലും ഭരണഘടനാ ബെഞ്ച് നിലപാട് വ്യക്തമാക്കും.

1967-ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയിരുന്നു. എസ്. അസീസ് ബാഷ കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പടുവിച്ച ഈ വിധി ശരിയാണോ എന്ന സംശയം 1981-ല്‍ അഞ്ചുമാന്‍ ഇ. റഹ്‌മാനിയ കേസില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് അസീസ് ബാഷ കേസിലെ വിധി പുനഃപരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് 1981 നവംബര്‍ 26- ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിട്ടു. 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ വിഷയം സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നത്.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. ഈ ഉത്തരവ് 2006-ല്‍ അലഹബാദ് ഹൈക്കോടതി റദ്ദാക്കി. അലിഗഢ് മുസ്ലിം സര്‍വ്വകലാശാല ഒരുകാലത്തും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്നും മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. 1981-ലെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാല ഭേദഗതി നിയമത്തിലെ മൂന്ന് സുപ്രധാന വകുപ്പുകളും അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയും കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരും ആയിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന നിലപാടായിരുന്നു യുപിഎ സര്‍ക്കാരിന്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ 2016-ല്‍ എൻഡിഎ സര്‍ക്കാര്‍ പിന്‍വലിച്ചു. അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സര്‍വ്വകലാശാല നല്‍കിയ അപ്പീലില്‍ ആണ് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്.

മുഹമ്മദന്‍ ആംഗ്ലോ-ഓറിയന്റല്‍ കോളേജ് പില്‍കാലത്ത് അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയായി മാറിയതിന്റെ ചരിത്രം, സര്‍വ്വകലാശാല കെട്ടിടത്തിന്റെ രൂപകല്‍പ്പന, സര്‍വ്വകലാശാലയുടെ പ്രമാണ വാക്യത്തില്‍ ഉള്‍പ്പെടുന്ന ഖുര്‍ആന്‍ വചനങ്ങള്‍ തുടങ്ങിയവയൊക്കെയാണ് സര്‍വ്വകലാശാലയുടെ മുസ്ലിം ബന്ധം തെളിയിക്കുന്നതായി ഉയര്‍ത്തിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *