Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ഭൂട്ടാനിലെ രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കൾ വരെ കയ്യേറി അനധികൃത നിർമ്മാണവുമായി ചൈന. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈനയുടെ ഭൂമി കൈയേറ്റം വ്യക്തമാക്കുന്നത്. ഒരുമാസത്തിൽ താഴെമാത്രം പഴക്കമുള്ളതാണ് ഉപഗ്രഹ ചിത്രങ്ങൾ.

ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്താണ് ചൈനയുടെ അതിവേഗ ടൗൺഷിപ്പ് നിർമ്മാണം. വടക്കു കിഴക്കൻ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നു കയറുന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാക്കുന്നത്. ഇരുനൂറിലേറെ കെട്ടിടങ്ങളാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നതെന്നാണ് എൻ.ഡി.ടി.വി. വ്യക്തമാക്കുന്നത്. നിലവിൽ നിർമ്മാണം തുടർന്നുകൊണ്ടിരിക്കുന്നതിനാൽ അന്തിമമായി ഇതിന്റെ കണക്കുകൾ പറയാൻ സാധിക്കില്ലെന്നും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ തന്നെ ഭൂട്ടാൻ അതിര്‍ത്തിയില്‍ ചൈനയുടെ അനധികൃത നിർമ്മാണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജക്കാർത്ത വാലിയിൽ അടക്കം അനധികൃത നിർമ്മാണങ്ങൾ ചൈന നടത്തുന്നുണ്ട് എന്ന വിവരം ഉപഗ്രഹചിത്രങ്ങളിൽ കൂടി പുറത്തുവന്നിരുന്നു. ഭൂട്ടാൻ അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൈനയുമായി തുടരുന്നതിനിടെയാണ് ഇപ്പോൾ പുതുതായി പുറത്തുവന്ന ചിത്രത്തിൽ, ഭൂട്ടാനിലെ രാജകുടുംബത്തിന്റെ പൈതൃക സ്വത്തുക്കളടങ്ങിയ പർവതപ്രദേശങ്ങൾ കൂടി കൈയേറി ചൈന അനധികൃത നിർമ്മാണം ദ്രുതഗതിയിൽ തുടരുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്.

വെറും എട്ട് ലക്ഷത്തോളം മാത്രം ജനസംഖ്യ രാജ്യമാണ് ഭൂട്ടാൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യമായ ചൈനയുടെ കൈയേറ്റം തടയുന്നതിന് ഭൂട്ടാന് പരിമിതികളുണ്ട്‌. ഇന്ത്യയുമായി
അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ചൈനയുടെ ഭൂട്ടാനിലെ കൈയേറ്റം എന്നതും ശ്രദ്ധേയമാണ്. ഇത് ഇന്ത്യയുടെ സുരക്ഷയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നാണ് വിലയിരുത്തൽ.

2017-ൽ സിക്കിമിനോട് ചേർന്ന ദോക്ലാം പീഠഭൂമിയിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനികർ ഏറ്റുമുട്ടിയിരുന്നു. അതിനുശേഷം ചൈനീസ് തൊഴിലാളികൾ ഭൂട്ടാൻ പ്രദേശത്തിനോട് കിഴക്കും ദോക്ലാമിനോട് ചേർന്നും കിടക്കുന്ന അമു ചു നദീതടത്തിൽ ഗ്രാമങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായ സിലിഗുഡി ഇടനാഴിക്ക് ഭീഷണിയാകുന്ന തരത്തിൽ ചൈനയുടെ സാന്നിധ്യം തെക്കോട്ട് വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഭൂട്ടാനിലെ കൈയേറ്റം എന്നാണ് ഇന്ത്യ കരുതുന്നത്. ഭൂട്ടാനിൽ ചൈനയുടെ അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *