Your Image Description Your Image Description

ലോക ക്ഷയരോഗ ദിനാചരണത്തിൻ്റെയും 100 ദിന കര്‍മ്മപരിപാടിയുടെയും സമാപനത്തിൻ്റെയും വേദിയിൽ ജില്ലയിലെ 12 ഗ്രാമ പഞ്ചായത്തുകളെ ക്ഷയരോഗമുക്തമായി പ്രഖ്യാപിച്ചു. പരിപാടിയുടെ സമാപനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മുതുകളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍ നിര്‍വഹിച്ചു. മുതുകുളം സാദ്രി കണ്‍വെന്‍ഷന്‍ സെൻ്ററില്‍ സംഘടിപ്പിച്ച ചടങ്ങിൽ എഴുപുന്ന, വയലാര്‍, കോടംതുരുത്ത്, കുത്തിയതോട്, പെരുമ്പളം, കടക്കരപ്പള്ളി, മുഹമ്മ, മാരാരിക്കുളം തെക്ക്, പുന്നപ്ര തെക്ക്, കാവാലം, പുളിങ്കുന്ന്, തകഴി എന്നീ 12 ഗ്രാമപഞ്ചായത്തുകളെയാണ് ക്ഷയരോഗമുക്തമായി പ്രഖ്യാപിച്ചത്. ക്ഷയരോഗ നിവാരണ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 5 ലക്ഷത്തിലധികം പേരെ സ്‌ക്രീനിങ്ങിന് വിധേയരാക്കി.

മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിപ്രഭ അധ്യക്ഷയായി. അഡീഷണല്‍ ഡിസ്ടിക്ട് മജിസ്‌ട്രേട്ട് ആശ സി എബ്രഹാം ക്ഷയരോഗമുക്ത പഞ്ചായത്തുകള്‍ക്കുള്ള വെങ്കല ഉപഹാരം സമ്മാനിച്ചു. ‘ഐ ആം എ ടി ബി വാരിയര്‍: മിഷന്‍ 2025’ പ്രഖ്യാപനം ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രശാന്ത് ബാബു ക്ഷയരോഗമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ജില്ല മേഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജമുന വര്‍ഗീസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്ബി ഉണ്ണികൃഷണന്‍, മുതുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലാല്‍ മാളവ്യ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മണി വിശ്വനാഥ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു അനില്‍കുമാര്‍, ക്ഷയരോഗമുക്ത ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എസ്. ആര്‍. ദിലീപ് കുമാര്‍, മുന്‍ ജില്ല ടി.ബി. ഓഫീസര്‍ ഡോ ഷാനി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. കോശി സി പണിക്കര്‍, ആരോഗ്യവകുപ്പിലെ ജില്ല പ്രോഗ്രാം ഓഫീസര്‍മാര്‍ , ജില്ല ടി.ബി. ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. എം. അനന്ത് എ ന്നിവര്‍ പങ്കെടുത്തു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന ബോധവത്ക്കരണ സന്ദേശറാലി കായംകുളം ഡി വൈ എസ് പി എൻ ബാബുക്കുട്ടന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷയ രോഗ ബോധവല്‍ക്കരണ ക്ലാസ് ആലപ്പുഴ ജനറല്‍ ആശുപത്രി റെസ്പിറേറ്ററിമെഡിസിന്‍ ചീഫ് കണ്‍സള്‍ട്ടൻ്റ് ഡോ. വേണുഗോപാല്‍ നയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെയും നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥി കളുടെയും ക്ഷയരോഗസന്ദേശ പരിപാടികളും അരങ്ങേറി. ചടങ്ങിനോടനുബന്ധിച്ച് ക്ഷയരോഗനിവാരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *