Your Image Description Your Image Description
Your Image Alt Text

നവി മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയക്ക് ജയം. നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 19 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 34 റണ്‍സ് നേടി  പുറത്താവാതെ നിന്ന എല്ലിസ് പെറിയാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അലീസ ഹീലി (26) – ബേത് മൂണി (20) സഖ്യം 51 റണ്‍സ് ചേര്‍ത്തു. ഹീലിയെ പുറത്താക്കി ദീപ്തി ശര്‍മയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാമതായി ക്രീസിലെത്തിയ തഹ്ലിയ മഗ്രാത് 19 റണ്‍സ് നേടി. ഇതിനിടെ ബേത് മൂണി പുറത്തായി. നാലാമതെത്തിയത് എല്ലിസ് പെറിയാണ്. മഗ്രാത്തിനൊപ്പം പെറി 31 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മഗ്രാത്തിനെ ശ്രേയങ്ക പാട്ടീല്‍ പുറത്താക്കി. തുടര്‍ന്നെത്തിയ അഷ്‌ലി ഗാര്‍ഡ്‌നര്‍ (7) പെട്ടന്ന് മടങ്ങി. എന്നാല്‍ ഫോബെ ലിച്ച് ഫീല്‍ഡിനെ കൂട്ടുപിടിച്ച് പെറി ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ദീപ്തി ശര്‍മ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഷെഫാലി വര്‍മയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. നാലാം ഓവറില്‍ ജെമീമ റോഡ്രിഗസും (13) മടങ്ങി. ഹര്‍മന്‍പ്രീത് കൗറിനും (6) തിളങ്ങാനായില്ല. ഇതിനിടെ സ്മൃതി മന്ദാനയും (23) പവലിയനില്‍ തിരിച്ചെത്തി. ഇതോടെ ഇന്ത്യ നാലിന് 54 എന്ന നിലയിലായി. റിച്ചാ ഘോഷ് (23), ദീപ്തി ശര്‍മ (30) എന്നിവര്‍ തിളങ്ങിയത് കൊണ്ട് മാത്രമാണ് ഇന്ത്യ മാന്യമായ സ്‌കോറിലെത്തിയത്. പൂജ വസ്ത്രകര്‍ (9), അമന്‍ജോത് കൗര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ശ്രേയങ്ക പാട്ടീല്‍ (7) പുറത്താവാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *