Your Image Description Your Image Description
Your Image Alt Text

സിഡ്‌നി :ഡേവിഡ്‌ വാർണറെ ജയത്തോടെ ഓസ്‌ട്രേലിയ യാത്രയാക്കി. പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ എട്ട്‌ വിക്കറ്റ്‌ ജയവുമായി ഓസീസ്‌ പരമ്പര തൂത്തുവാരിയപ്പോൾ വാർണർക്ക്‌ അർഹിക്കുന്ന യാത്രയയപ്പായി. അവസാന ഇന്നിങ്‌സിൽ 75 പന്തിൽ 57 റണ്ണെടുത്തായിരുന്നു ഇടംകൈയന്റെ മടക്കം. പാക്‌ സ്‌പിന്നർ സാജിദ്‌ ഖാന്റെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി. അമ്പയർ ഔട്ട്‌ നൽകിയില്ലെങ്കിലും പാകിസ്ഥാന്റെ റിവ്യൂവിൽ ടിവി അമ്പയർ തീരുമാനം തിരുത്തി. സിഡ്‌നിയിൽ തടിച്ചുകൂടിയ ഇരുപതിനായിരത്തോളം കാണികൾ എഴുന്നേറ്റുനിന്ന്‌ വാർണർക്കായി കൈയടിച്ചു.

ഏകദിന ക്രിക്കറ്റിൽനിന്ന്‌ വിരമിച്ച മുപ്പത്തേഴുകാരൻ സിഡ്‌നിയിലേത്‌ അവസാന ടെസ്‌റ്റായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഈ പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു. ആദ്യ ടെസ്‌റ്റിൽ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി. ആറ്‌ ഇന്നിങ്‌സിൽ 299 റണ്ണുമായി റൺവേട്ടക്കാരിൽ രണ്ടാമനായാണ്‌ മടക്കം.
ടെസ്‌റ്റിൽ 8786 റണ്ണാണ്‌ ആകെ സമ്പാദ്യം. 44.59 ബാറ്റിങ്‌ ശരാശരി. 70.26 പ്രഹരശേഷി. 26 സെഞ്ചുറി. 37 അർധസെഞ്ചുറി. ഓസീസിന്റെ എക്കാലത്തെയും റൺവേട്ടക്കാരിൽ അഞ്ചാമനാണ്‌.

‘ജീവിതത്തിൽ ഒരുപാട്‌ ഉയർച്ചതാഴ്‌ചകളുണ്ടായിരുന്നു. ഈ കളിക്കുവേണ്ടി ഞാൻ എല്ലാം നൽകി. ഈ നിലയിലെത്താൻ ഒരുപാട്‌ ത്യാഗങ്ങളുണ്ടായി. പലതിനെയും അതിജീവിച്ചു. എല്ലാം നന്നായി ചെയ്‌തുവെന്നാണ്‌ വിശ്വാസം. അതിനായി നിരവധി പേരുടെ പിന്തുണയുണ്ടായി. എല്ലാത്തിനും നന്ദി–- മത്സരശേഷം വാർണർ പറഞ്ഞു.

സിഡ്‌നിയിൽ 130 റണ്ണായിരുന്നു നാലാംദിനം ഓസീസിന്റെ ലക്ഷ്യം. ഉസ്‌മാൻ ഖവാജയെ റണ്ണെടുക്കുംമുമ്പ്‌ നഷ്ടമായെങ്കിലും വാർണറും മാർണസ്‌ ലബുഷെയ്‌നും (73 പന്തിൽ 62) അനായാസ ജയമൊരുക്കി. ലബുഷെയ്‌ൻ പുറത്താകാതെനിന്നപ്പോൾ നാല്‌  റണ്ണുമായി സ്‌റ്റീവൻ സ്‌മിത്തായിരുന്നു കൂട്ട്‌.
പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സ്‌ 115ൽ അവസാനിച്ചു. സ്‌കോർ: പാകിസ്ഥാൻ 313, 115; ഓസ്‌ട്രേലിയ 299, 130/2. ഓസീസ്‌ ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസാണ്‌ മാൻ ഓഫ്‌ ദി സീരീസ്‌. പാകിസ്ഥാൻ ഓൾ റൗണ്ടർ ആമെർ ജമാൽ മാൻ ഓഫ്‌ ദി മാച്ചായി.

Leave a Reply

Your email address will not be published. Required fields are marked *