Your Image Description Your Image Description

ഇന്ത്യന്‍ സിനിമ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് രാജമൗലി-മഹേഷ് ബാബു ചിത്രം എസ്.എസ്.എം.ബി 29. ചിത്രത്തിനായി ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പ്രീ പ്രൊഡക്ഷനായിരുന്നു രാജമൗലി നടത്തിയത്. ചിത്രത്തില്‍ മലയാളി താരം പൃഥ്വിരാജ് ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ അതിനെ ശരിവെക്കും വിധമുള്ള ചിത്രങ്ങളാണ് പുറത്തുവരുന്നത്.

ഒഡിഷയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ നടക്കുന്നത്. ഈ സെറ്റില്‍ ജോയിന്‍ ചെയ്യാനായി മഹേഷ് ബാബുവും പൃഥ്വിരാജും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രത്തിലെ മഹേഷ് ബാബുവിന്റെ ലുക്ക് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. കട്ട താടിയും മീശയും വെച്ച മഹേഷ് ബാബുവിന്റെ ലുക്കിനെ സിംഹത്തോടാണ് ആരാധകര്‍ ഉപമിക്കുന്നത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രം 1000 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ മാസം അവസാനം വരെ നീളുന്ന ഷെഡ്യൂളില്‍ പൃഥ്വിരാജും പങ്കെടുക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ‘എസ്എസ്എംബി 29’ന് തിരക്കഥ ഒരുക്കുന്നത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *