Your Image Description Your Image Description

മാരുതി ഓള്‍ട്ടോ, എസ് പ്രസോ, സെലേറിയോ എന്നിങ്ങനെയുള്ള ചെറുകാര്‍ മോഡലുകളുടെ വില്‍പന കുറഞ്ഞു വരുന്നത് മാരുതി സുസുക്കിയെ ഇപ്പോൾ വലിയ തോതില്‍ ചിന്തിപ്പിക്കുന്നുണ്ട്. ചെറുകാര്‍ വിഭാഗത്തിലെ മേല്‍ക്കോയ്മയാണ് ഇന്ത്യയിലെ കാര്‍ വിപണി പതിറ്റാണ്ടുകളോളം ഭരിക്കാന്‍ മാരുതി സുസുക്കിയെ പ്രാപ്തരാക്കിയിരുന്നത്. എന്നാല്‍ മാറിയ സാഹചര്യങ്ങളിലെ വെല്ലുവിളികളെ നേരിടാന്‍ പവര്‍ട്രെയിനില്‍ വൈവിധ്യം നിറച്ച് എന്‍ട്രി ലെവല്‍ കാറുമായി വരികയാണ് മാരുതി സുസുക്കി. ഫാക്ടറി ഫിറ്റ് സിഎന്‍ജിയും മൈല്‍ഡ് ഹൈബ്രിഡും ഫ്‌ളക്‌സ് ഫ്യുവലും അടക്കമുള്ള പവര്‍ട്രെയിന്‍ ഓപ്ഷന്‍സുമായിട്ടാവും പുതിയ മോഡലിന്റെ വരവ്. ഈ ചെറുകാര്‍ അവതരിപ്പിച്ച് ഇന്ത്യന്‍ വിപണിയിലെ 50 ശതമാനം വിപണിവിഹിതമെന്ന ലക്ഷ്യം 2030ന് മുമ്പു തന്നെ സ്വന്തമാക്കുകയാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം.

എന്‍ട്രി ലെവല്‍ കാര്‍
ഇത്തവണയും വിപണി പിടിക്കാനുള്ള കമ്പനിയുടെ ശ്രമം മാരുതി സുസുക്കിയുടെ തുറുപ്പു ചീട്ടായ എന്‍ട്രി ലെവല്‍ കാര്‍ തന്നെ അവതരിപ്പിച്ച് കൊണ്ടാണ്. ഇന്ത്യന്‍ വിപണിയുടെ പൊതു താൽപര്യം ചെറുകാറുകളില്‍ നിന്നും എസ്‌യുവികളിലേക്കു മാറിയതും ചെറുകാറുകള്‍ക്ക് താരത്മ്യേന വില കൂടിയതുമെല്ലാം മാരുതി സുസുക്കിക്ക് തിരിച്ചടിയായിരുന്നു. പ്രതിവര്‍ഷം 5 ലക്ഷത്തിനും 13 ലക്ഷത്തിനും ഇടയില്‍ വരുമാനം നേടുന്നവരേയും ആദ്യമായി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരേയുമാണ് പുതിയ മോഡല്‍ കൊണ്ട് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ വിപണിയില്‍ മാരുതി അവതരിപ്പിക്കുന്ന കുറഞ്ഞ വിലയിലുള്ള വൈദ്യുത കാറുമായി ഈ ചെറുകാറിന് ബന്ധമില്ല. 2031 സാമ്പത്തിക വര്‍ഷത്തിന് മുമ്പായി ഇന്ത്യയില്‍ പുതിയ എന്‍ട്രി ലെവല്‍ കാര്‍ അവതരിപ്പിക്കാനാണ് മാരുതി സുസുക്കി പദ്ധതി. സിഎന്‍ജി, ഫ്‌ളക്‌സ് ഫ്യുവല്‍, മൈല്‍ഡ് ഹൈബ്രിഡ് എന്നിങ്ങനെയുള്ള വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളിലൂടെ വിപണിപിടിക്കാനാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ചെറുകാര്‍ വിപണിയുടെ തളര്‍ച്ച
മാരുതി സുസുക്കിയെയാണ് ഇന്ത്യയിലെ ചെറുകാര്‍ വിപണിയുടെ തളര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത്. ആദ്യമായി കാര്‍ വാങ്ങുന്നവര്‍ നേരത്തെ ചെറുകാറുകളാണ് തെരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇന്ന് എസ്‌യുവികളിലേക്ക് കളം മാറ്റിയതാണ് തിരിച്ചടിയായത്. എസ്‌യുവികളുടെ വില താങ്ങാവുന്ന നിലയിലേക്കെത്തിയതും വിപണിയിലെ സാധ്യത മനസിലാക്കി വിവിധ കമ്പനികള്‍ വൈവിധ്യമാര്‍ന്ന എസ്‌യുവികള്‍ പുറത്തിറക്കിയതും മാരുതി സുസുക്കിക്ക് തിരിച്ചടിയായി.

ചെറുകാര്‍ വില്‍പന കുറയുകയാണെങ്കിലും വൈകാതെ അത് സ്ഥിരത കൈവരിക്കും. എസ് യുവി വില്‍പനയുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്ന അളവിലുള്ള ചെറുകാര്‍ വില്‍പന ഇന്നും മാരുതി സുസുക്കിക്കുണ്ട്. ചെറുകാറുകള്‍ പൂര്‍ണമായും വിപണിയില്‍ നിന്നും ഒഴിവാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇന്നും ഇന്ത്യയില്‍ ഇരുചക്രത്തില്‍ നിന്നും നാലു ചക്രത്തിലേക്കു മാറാന്‍ 100 കോടിയിലേറെ മനുഷ്യരുണ്ട്. ചെറുകാര്‍ വിഭാഗത്തിലെ നല്ലൊരു മോഡലിന് വിപണി പിടിക്കാന്‍ ഇനിയും സാധിക്കും’ എന്നാണ് നേരത്തെ ഇന്ത്യന്‍ വിപണി സാധ്യതകളെക്കുറിച്ച് സുസുക്കി പ്രസിഡന്റ് തൊഷിഹിറോ സുസുക്കി പറഞ്ഞത്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ചെറുകാര്‍ വിപണിയുടെ വളര്‍ച്ച താഴേക്കാണ്. അതേസമയം എസ്‌യുവി വിഭാഗം ക്രമാനുഗതമായി വളരുന്നുമുണ്ട്. 1000 പേരില്‍ 34 പേര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ കാറുള്ളത്. ആദ്യമായി കാര്‍ വാങ്ങുന്നവരുടെ ശതമാനം 40ലേക്ക് കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്. നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ 41 ശതമാനം പങ്കാളിത്തമാണ് മാരുതി സുസുക്കിക്കുള്ളത്. പുതിയ ചെറുകാര്‍ മോഡലിന്റെ വരവ് മാരുതി സുസുക്കിയുടെ തിരിച്ചുവരവിനു കൂടി സഹായിക്കുമെന്നാണ് പ്രതീക്ഷ.

ചെറുകാറുകളുടെ പ്രതിസന്ധി
കാര്‍ വിലയും ചിലവും കൂടിയത് എന്‍ട്രി ലെവല്‍ കാര്‍ വിഭാഗത്തിന്റെ ആകര്‍ഷണം കുറച്ചിട്ടുണ്ട്. ബിഎസ് 6 മലിനീകരണ നിയന്ത്രണങ്ങളും സുരക്ഷ വര്‍ധിപ്പിച്ചതുമെല്ലാം നിര്‍മാണചിലവും കാര്‍ വിലയും വര്‍ധിപ്പിച്ചു. ചെറുകാര്‍ വിപണിയില്‍ ഇപ്പോഴും കൂടിയ ഇന്ധനക്ഷമതയുള്ള കാറുകള്‍ക്കാണ് പ്രിയമെന്നാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത്. ഒരു ലിറ്റര്‍ ഇന്ധനത്തില്‍ 30-40 കിലോമീറ്റര്‍ ഓടാന്‍ സാധിക്കുന്ന വാഹനമാണ് ചെറുകാര്‍ വിപണിയില്‍ ഇന്ന് ആവശ്യമെന്നും ഭാര്‍ഗവ സൂചിപ്പിച്ചിരുന്നു.

മാരുതിയുടെ ചെറുകാര്‍
ഇന്നും ചെറുകാര്‍ വിപണിയില്‍ ഇന്ത്യയിലെ പ്രധാനികള്‍ മാരുതി സുസുക്കിയാണ്. മോഡലുകളുടെ വൈവിധ്യവും സര്‍വീസിങ് സൗകര്യങ്ങളും താരതമ്യേന കുറഞ്ഞ വിലയുമെല്ലാം മാരുതി സുസുക്കി ചെറുകാറുകളെ ഇന്നും ജനകീയമാക്കുന്നുണ്ട്. നിലവില്‍ ഓള്‍ട്ടോ കെ10 ആണ് മാരുതി സുസുക്കി ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള വാഹനം. 4.09 ലക്ഷം രൂപയാണ് ഓള്‍ട്ടോയുടെ എക്‌സ് ഷോറൂം വില. എസ് പ്രസോ 4.27 ലക്ഷത്തിനും മാരുതി സുസുക്കി വില്‍ക്കുന്നു. ഇന്നും അഞ്ചു ലക്ഷത്തില്‍ താഴെ വിലയില്‍ വേറെ അധികം മോഡലുകള്‍ ഇന്ത്യയിലില്ല. ഈ വിഭാഗത്തില്‍ മാരുതി സുസുക്കിയോട് ഇന്ത്യയില്‍ കുറച്ചെങ്കിലും പിടിച്ചു നില്‍ക്കുന്നത് റെനോയുടെ ക്വിഡ്(4.69 ലക്ഷം രൂപ) മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *