Your Image Description Your Image Description

” അൾത്താരയിൽ കൈമുത്ത് , അരമനയിൽ അങ്കംവെട്ട്‌ ” പരമ്പരയുടെ അഞ്ചാം ഭാഗമാണ് ഇന്നത്തെ എപ്പിസോഡ് . കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത് പോലെ , സിറോമലബാര്‍ സഭയിലെ ആരാധന രീതികളുമായി കലഹിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലപാട് ഇതാദ്യമായല്ല പണ്ടേയുള്ളതാണ് .

സിറോ മലബാര്‍ സഭയുടെ ആദ്യ കര്‍ദിനാളും എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പുമായിരുന്ന കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലും ആരാധനക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് കാലാവധി തീരുംമുമ്പ് രാജിവെച്ചത്.

ആര്‍ച്ച് ബിഷപ് കരിയിലിനെപ്പോലെ വത്തിക്കാന്‍ അദ്ദേഹത്തിന്റെ രാജി ചോദിച്ച് വാങ്ങിയതല്ലെങ്കിലും ലിറ്റര്‍ജി വിഷയത്തില്‍ കര്‍ദിനാള്‍ പാറേക്കാട്ടിലുമായി യോജിപ്പിലല്ലായിരുന്നു വത്തിക്കാന് . അന്ന് സിറോ മലബാര്‍ സഭ ഒരു സ്വയംഭരണാവകാശമുള്ള സഭ അല്ലാതിരുന്നത് കാര്യങ്ങള്‍ വത്തിക്കാന് കൂടുതല്‍ എളുപ്പമാക്കി.

ലത്തീന്‍ സുറിയാനി കുര്‍ബാന പോലെ ഭാരത പൂജയും നടപ്പിലാക്കാനാണ് കര്‍ദിനാള്‍ പാറേക്കാട്ടില്‍ ശ്രമിച്ചത്. ബലിയര്‍പ്പണത്തിനിടെ പുരോഹിതര്‍ ധരിക്കുന്ന വേഷഭൂഷാദികള്‍ ഭാരതീയമാക്കണമെന്ന നിര്‍ദേശം വന്നു. മറ്റ് സംസ്‌ക്കാരങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ഭാരതീയ സംസ്‌കാരത്തോട് കൂടുതല്‍ അനുരൂപണം വേണമെന്ന വാദമായിരുന്നു അദ്ദേഹത്തിന്.

വേദങ്ങളില്‍ നിന്നും പഠിക്കാനും സ്വാംശീകരിക്കാനും തയ്യാറാകണമെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹം കാവി ധരിച്ചു. ഹൈന്ദവ പൂജകളോട് സമാനമായ രീതിയില്‍ കുര്‍ബാന അര്‍പ്പിച്ചു. ലത്തീന്‍ സംസ്‌കാരങ്ങള്‍ക്കൊപ്പം ഭാരതീയ സംസ്‌കാരവും അള്‍ത്താരയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകളോട് പൊതുവേ എതിര്‍പ്പായിരുന്നു സഭയ്ക്കുള്ളിലെ ഭൂരിപക്ഷത്തിനും .

സ്വന്തം മണ്ണില്‍ ക്രൈസ്തവികത നട്ടുവളര്‍ത്താനുള്ള ശ്രമമായാണ് ഇതിനെ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കണ്ടത്. പ്രത്യേകിച്ചും എറണാകുളം അങ്കമാലി അതിരൂപതക്കാര്‍. ക്രൈസ്തവ ഗ്രന്ഥങ്ങളിലും ആചാരങ്ങളിലും പുരാതന ഗ്രീക്ക്, റോമന്‍ മതങ്ങളില്‍ നിന്നും സാംശീകരിച്ചവ ഏറെയാണന്നാണ് ഇതിനെ അനുകൂലിച്ചവര്‍ പറഞ്ഞത്.

കര്‍ദിനാള്‍ പാറേക്കാട്ടില്‍ ഭാരത സഭയ്ക്ക് പുതിയ വഴി നടന്നുണ്ടാക്കാന്‍ ശ്രമിച്ച മോശയായിരുന്നുവെന്നാണ് പാറേക്കാട്ടിലിന്റെ ജന്മശതാബ്ദി ആഘോഷവേളയില്‍ എഴുതിയ ലേഖനത്തില്‍ ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞത്. പാറേക്കാട്ടിലന്റെ ഈ നിലപാടുകള്‍ ഏറെ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തി. നിലപാട് തിരുത്താനും അദ്ദേഹം തയ്യാറായില്ല.

കുര്‍ബാന വിവാദം പോലെ തന്നെ സിറോമലബാര്‍ സഭയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ഒരു വിവാദമാണ് കുരിശ് വിവാദം. മാര്‍തോമ കുരിശ് എന്ന് വിളിക്കപ്പെടുന്ന ക്രിസ്തുവിന്റെ രൂപമില്ലാത്ത കുരിശ് പള്ളികളില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ വിവാദം ഉടലെടുത്തത്.

പോര്‍ച്ചുഗീസ് ആഗമനത്തിന് മുമ്പ് കേരളത്തിലെ മാര്‍തോമ നസ്രാണികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കുരിശാണ് മാര്‍തോമ കുരിശ്. മൈലാപ്പൂരിലെ തോമാശ്ലീഹായുടേതെന്ന് പറയപ്പെടുന്ന കല്ലറയില്‍ നിന്ന് 1548 ല്‍ പോര്‍ച്ചുഗീസ് മിഷനറിമാരാണ് ഈ കുരിശ് കണ്ടെത്തിയത്.

ഇതിന് പുറമെ കേരളത്തിലെ പുരാതനമായ പല പള്ളികളില്‍നിന്നും ഇത്തരം കുരിശുകള്‍ കണ്ടെടുത്തിട്ടുണ്ട്. തോമാശ്ലീഹ തന്നെയാണ് ഈ കുരിശ് കേരളത്തില്‍ എത്തിച്ചതെന്ന പാരമ്പര്യവും ചിലര്‍ വിശ്വസിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *