Your Image Description Your Image Description

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതായത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് 100 സീറ്റ് പിടിക്കുമെന്നാണ് ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാഗ്ദാനം ചെയ്തത് .

എത്ര സീറ്റ് കിട്ടുമെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനായിരുന്നു വി.ഡി.സതീശന്റെ ഈ മറുപടി . ഒപ്പം മുഖ്യമന്ത്രിയാകാൻ താനില്ലെന്നും സതീശൻ അറിയിച്ചു. അതെന്താണെന്നു സതീശനോട് രാഹുൽ ചോദിച്ചു. മുഖ്യമന്ത്രിയാകാൻ യോഗ്യരായ പലരും ഈ യോഗത്തിൽ തന്നെ ഇരിപ്പുണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ട് സതീശൻ പറഞ്ഞത് .

കോൺഗ്രസിന് ഒറ്റയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ പരമാവധി 65 എന്നാണ് സതീശൻ പറഞ്ഞത് . തൊണ്ണൂറിലധികം സീറ്റുകളിലാണു കോൺഗ്രസ് മത്സരിക്കുന്നത്. 21 സീറ്റുകൾ ഇപ്പോൾ തന്നെ കോൺഗ്രസിനുണ്ട്. സിറ്റിങ് സീറ്റുകൾക്കൊപ്പം അധികമായി 44 സീറ്റ് വരെ നേടാനാകുമെന്നാണ് സതീശൻ കണക്കുനിരത്തി അവകാശപ്പെട്ടത് .

സംസ്ഥാനത്ത് രാഷ്ട്രീയകാര്യ സമിതിയിൽ സതീശൻ അവതരിപ്പിച്ച് വിവാദമായ കണക്കുകളാണ് ദേശീയ നേതാക്കൾക്ക് മുന്നിൽ വീണ്ടും അവതരിപ്പിച്ചത്. എ,ബി,സി എന്നീ മൂന്നു ക്ലാസുകളായി നിയമസഭാ മണ്ഡലങ്ങളെ തിരിച്ചാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് സതീശൻ പറഞ്ഞത് .

സി ക്ലാസിനെ ബി ആക്കാനും ബിയെ എ ആക്കാനും പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വാക്ക് നൽകി . എന്നാൽ അങ്ങനെ തരംതിരിവ് വേണ്ടെന്നും എല്ലാ മണ്ഡലങ്ങളിലും വിജയമെന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

പക്ഷെ ഇതെങ്ങനെ സാധിക്കുമെന്നാ എന്റെയൊരു ചിന്ത , സതീശൻ എന്ത് മാജിക്കാണ് നടത്താൻ പോകുന്നതെന്നറിയില്ല , പക്ഷെ ഒരു കാര്യം വ്യക്തമായി , അതായത് ഉറപ്പിച്ചു തന്നെ പറയാം , ഈ രീതിയിൽ പോവുകയാണെങ്കിൽ യു ഡി എഫ് അധികാരത്തിൽ വരില്ല .

ഇടത് മുന്നണിയ്ക്ക് മൂന്നാം തുടർ ഭരണം ലഭിക്കും . ഇതുവരെയുള്ള കണക്കുകൂട്ടലുകളും ഇക്കഴിഞ്ഞ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പും അങ്ങനെയാണ് നൽകുന്ന സൂചനകൾ . ഇനി സതീശൻ ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം വച്ച് കണക്ക് കൂട്ടിയതാണോയെന്ന് സംശയമുണ്ട് .

ലോക്സഭയല്ല നിയമസഭയെന്ന് സതീശന് അറിയാവുന്നതാണ് . പിന്നെങ്ങനെ , എന്ത് മാജിക്കാണ് സതീശന്റെ കയ്യിലുള്ളതെന്ന് മനസ്സിലാകുന്നില്ല . ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിന് നിലവിലുള്ള സീറ്റുകൾ പോലും നില നിർത്താൻ കഴിയില്ല . പല മണ്ഡലങ്ങളിലും സാഹചര്യങ്ങൾ മാറിമറിഞ്ഞു .

സ്വന്തമായി വോട്ടുള്ള എത്രമണ്ഡലങ്ങൾ കോൺഗ്രസ്സിനുണ്ട് ? ചുരുക്കം ചില മണ്ഡലങ്ങൾ മാത്രമേയുള്ളു . പിന്നെ ലീഗിനാണ് , മലപ്പുറം ജില്ലയിലെയും കോഴിക്കോട് , കാസർകോട് ജില്ലകളിലെ ഏതാനും സീറ്റുകളും അവർക്ക് ഉറച്ചതാണ് , അതൊഴിച്ചാൽ പിന്നെ ഏത് പാർട്ടിക്കാ ഉറച്ച വോട്ടുകളുള്ളത് .

കേരള കോൺഗ്രസ്സ് ജോസഫിന് പോലും തൊടുപുഴയിൽ കാര്യങ്ങൾ എളുപ്പമല്ല ,വേറെ ഏത് പാർട്ടിയുണ്ട് യു ഡി എഫിൽ സ്വന്തം വോട്ടുമറിക്കാൻ കഴിവുള്ളത് . പിന്നെയെങ്ങനെ സതീശന്റെ മാജിക്ക് വർക്ക്ഔട്ടാകുമെന്നറിയില്ല . അത് സതീശന് മാത്രമേ അറിയുള്ളു .

അതുപോലെ പാർട്ടി നയത്തിനെതിരെ ആരും സംസാരിക്കാൻ പാടില്ലെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നേതാക്കളോട് പറഞ്ഞു. പാർലമെന്റിനകത്തും പുറത്തും മോദിയുടെ ഫാസിസത്തിനെതിരെ പോരാടണം.

നരേന്ദ്ര മോദിയെയും പിണറായി വിജയനെയും പുകഴ്ത്തുന്നത് ആരായാലും ചെയ്യാൻ പാടില്ലാത്തതാണെന്നും ശശി തരൂരിന്റെ പേരെടുത്ത് പറയാതെ ഖർഗെ പറഞ്ഞു. ഇക്കാര്യം ഇനി ഉണ്ടായാൽ റിപ്പോർട്ട് ചെയ്യണമെന്നും ദീപാ ദാസ് മുൻഷിയോട് ഖർഗെ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കു വേണ്ടി പ്രത്യേക പ്രകടനപത്രിക ഇറക്കണമെന്നും ഇത് നേരത്തെയുണ്ടാകണമെന്നുമാണ് പ്രിയങ്കാ ഗാന്ധിയുടെ അഭിപ്രായം . അങ്കണവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും ഈ പ്രകടനപത്രികയിൽ മുൻതൂക്കം ഉണ്ടായിരിക്കണമെന്നും പ്രിയങ്ക ഗാന്ധി നിർദേശിച്ചു.

കഴിഞ്ഞ തവണ നിയമസഭ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഇത്തവണ ഉണ്ടാകരുതെന്നാണ് രാഹുൽ ഗാന്ധി പറയുന്നത് . കേരളത്തിലെ ജനങ്ങളോട് നീതി പുലർത്തണം. നിങ്ങൾ കോൺഗ്രസിലെ ഉന്നത നേതാക്കളാണ്. നിങ്ങൾ ഒരേ മനസ്സോടെ താഴെത്തട്ടിലുള്ളവരെ നയിച്ചാൽ യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം .

നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും പിണറായി സർക്കാരിനെ താഴെയിറക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞത്. എല്ലാം സതീശൻ പറഞ്ഞതുപോലെയാണെന്നും കേരളം തിരിച്ചുപിടിക്കുമെന്നും കെ.സുധാകരനും പറഞ്ഞു.

പഴയ കാലത്തെ അപേക്ഷിച്ച് കേരളത്തിലെ കോൺഗ്രസിലിപ്പോൾ ഐക്യമുണ്ടെന്നും എന്നാൽ ജനം അതു വിശ്വസിക്കുന്നില്ലെന്നുമാണ് പല നേതാക്കളുടെയും അഭിപ്രായം . നേതാക്കളുടെ മാധ്യമങ്ങളോടുള്ള സംസാരം വഴി സംസ്ഥാനത്തെ കോൺഗ്രസിൽ ഐക്യമില്ലെന്ന പൊതുവികാരമുണ്ട്. ഐക്യപ്പെട്ടാൽ പോരാ, ഐക്യമുണ്ടെന്ന് പുറത്തറിയിക്കണമെന്നും നേതാക്കൾ പറഞ്ഞു.

സ്ത്രീകൾക്ക് നിയമസഭയിൽ അർഹമായ പ്രാതിനിധ്യമുണ്ടാകണമെന്നാണ് ബിന്ദു കൃഷ്ണയുടെയും , ജെബി മേത്തറിന്റെയും , ഷാനിമോൾ ഉസ്മാന്റെയും അഭിപ്രായം . എത്രമാത്രം പ്രാതിനിധ്യമാണ് ഉദ്ദേശിക്കുന്നതെന്ന് രാഹുൽ ചോദിച്ചപ്പോൾ 33 ശതമാനം സംവരണം സ്ഥാനാർഥി പട്ടികയിലുണ്ടാകണമെന്ന് ഈ വനിതാ നേതാക്കളുടെ മറുപടി . ഏതായാലും എല്ലാവരും അച്ചടക്കത്തോടെയും ഐക്യത്തോടെയും പ്രവർത്തിച്ചു പരമാവധി സീറ്റുകൾ നേടട്ടെ .

Leave a Reply

Your email address will not be published. Required fields are marked *