Your Image Description Your Image Description

ഈ കഴിഞ്ഞ ദിവസം വരെ വിഷ്ണുപുരം ചന്ദ്രശേഖരനെന്ന വിഎസ് ഡിപി നേതാവിനെപ്പറ്റി എനിക്ക് വലിയ അറിവുണ്ടായിരുന്നില്ല . നേരിൽ പരിചയമില്ലായിരുന്നതു കൊണ്ടാകാം. ഏതായാലും സ്വന്തം മകൻ തെറ്റ് ചെയ്താലും അത് തെറ്റാണന്ന് ഏറ്റു പറയുവാനുള്ള വലിയ മനസ്സ് കാണിച്ചതിൽ അദ്ദേഹം മാതൃകയായി .

തങ്ങളുടെ മക്കളെല്ലാവരും വിശുദ്ധരാണന്ന് പറഞ്ഞ് സ്വന്തം മക്കളുടെ തോന്നിവാസങ്ങൾക്ക് കുടപിടിക്കുന്ന മാതാപിതാക്കളുടെ നാട്ടിൽ തന്റെ മകനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് അഭിനന്ദനം അറിയിച്ച വിഷ്ണുപുരം ചന്ദ്രശേഖരനെന്ന പിതാവിന് എത്ര അഭിനന്ദിച്ചാലും പോരാ.

ചെയ്തത് തെറ്റാണെന്ന് ആ മകനെ ബോധ്യപ്പെടുത്താനും അവനെ തിരുത്താനും ആ പിതാവ് തയ്യാറായിയെന്നതും ആ പിതാവിന്റെ മഹത്വമാണ് പുറത്തു കാണിക്കുന്നത് . ഇക്കാലത്ത് ഒരു പിതാവ് ചെയ്യുവാൻ ധൈര്യം കാണിക്കാത്ത മേഖലയിലാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ കൈവച്ചത്.

എൻഡിഎയുടെ വൈസ് ചെയർമാനെന്ന നിലയിലും വിഎസ് ഡിപിയുടെ ചെയർമാനെന്ന നിലയിലും അത്യാവശ്യ സ്വാധീനമൊക്കെയുള്ള ചന്ദ്രശേഖരന് വേണമെങ്കിൽ പോലീസിന് സ്വാധീനിച്ച് മകനെ കേസിൽ നിന്ന് ഇറക്കി വിടാമായിരുന്നു.

എന്നാൽ അതിനു തുനിയാതെ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് അഭിനന്ദിക്കുകയും ഇപ്പോഴെങ്കിലും ഇത് കണ്ടു പിടിച്ചതിന് അവരോട് നന്ദി പറയുകയും ചെയ്തു. നമ്മളുടെ ഓരോരുത്തരുടെയും കുടുംബത്തിൽ ചെകുത്താൻമാർ കൂടുകൂട്ടാൻ ആരംഭിക്കുന്നുവെന്ന് എല്ലാ മാതാപിതാക്കളും മനസ്സിലാക്കണം.

ആ ഒരു സന്ദേശമാണ് ചന്ദ്രശേഖരൻ പൊതുസമൂഹത്തിന് നൽകിയത് . താൻ ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ദിവസവും രാവിലെ വീട്ടിൽ നിന്നു പോവുകയും, നാലോ അഞ്ചോ മണിക്കൂർ ഉറങ്ങാൻ മാത്രം വീട്ടിൽ വരികയും ചെയ്യുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും അത് തന്റെ നോട്ടക്കുറവാണന്നും ഏറ്റു പറയുവാൻ കാണിച്ച മഹാമനസ്കത നിസ്സാരമായി കാണരുത്.

എല്ലാ മാതാപിതാക്കളും മക്കളുടെ മേൽ ഒരു കണ്ണുണ്ടാകേണ്ട സമയമാണിത്. കേരളത്തെ മയക്കുമരുന്ന് മാഫിയ ഉറുമ്പടക്കം പിടിച്ചിരിക്കുകയാണ്. 1996 ൽ വീണ്ടുവിചാരം ഇല്ലാതെ എ കെ ആന്റണി കൊണ്ടുവന്ന ചാരായ നിരോധനമാണ് കേരളത്തെ മയക്കുമരുന്ന് മാഫിയയുടെ കൈപ്പിടിയിലൊതുക്കിയതെന്ന് വിളിച്ചുപറയുവാൻ ഇവിടെ ആരും തയ്യാറാകുന്നില്ല.

ഒരു തുടർഭരണം ലക്ഷ്യമാക്കി ചാരായത്തെ നിരോധിക്കുകയും, വിദേശമദ്യത്തിന് ലോകത്തെങ്ങും ഇല്ലാത്ത വില നിശ്ചയിക്കുകയും ചെയ്തതാണ് ഇവിടെ പറ്റിയ കുഴപ്പം. അതു തുറന്നു പറയാൻ ഒരു മാധ്യമങ്ങളും തയ്യാറാകുന്നില്ല. അതിന് പരിഹാരം നിർദ്ദേശിക്കുവാനോ അത് പരിഹരിക്കുവാനോ ഇവിടെ ആരും തയ്യാറാകുന്നില്ല.

ഇവിടെ എല്ലാവർക്കും ആവശ്യം മദ്യം നിരോധനം മാത്രമാണ്. അതിന് കണ്ടെത്തുന്ന വഴികളാകട്ടെ വിചിത്രവും. മദ്യനിരോധനത്തിന് ആഹ്വാനം ചെയ്യുന്ന മെത്രാന്മാരും മറ്റ് മദ്യനിരോധന സംഘക്കാരും മനസ്സിലാക്കേണ്ട ആദ്യത്തെ കാര്യം ഇത് നിരോധിച്ചാൽ ഇവിടുത്തെ സാമൂഹിക സന്തുലിനാവസ്ഥ തകിടം മറിയുമെന്നുള്ളതാണ്.

ഇന്ത്യൻ നിർമ്മിത വിദേശമദ്യം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന നിറം ചേർത്ത ചാരായത്തെക്കാൾ ദോഷകരമായ സാധനങ്ങളാണ് ഇവിടെ വന്നിറങ്ങുന്നത്. ഇപ്പോൾ ഇവിടെ ഇറങ്ങിക്കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. വിദ്യാർത്ഥികളുടെ ഇടയിൽ ഇത് വ്യാപകമാണന്ന യാഥാർത്ഥ്യം അറിയാത്തവരോ അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതുമായ ഒരു സമൂഹവും ഇവിടെ ജീവിച്ചിരിപ്പുണ്ട്.

ഇവിടുത്തെ മദ്യത്തിന്റെ വില കുറക്കുക എന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം. 10 വയസ്സിനു മുകളിൽ 21 വയസ്സ് വരെയുള്ള കുട്ടികളുടെ മുടി പരിശോധനയിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടുപിടിക്കുവാൻ സാധിക്കും. സ്കൂളുകളിലും കോളേജുകളിലും ഇടക്കൊക്കെ അത് ചെയ്യുന്നത് നല്ലതാണ്.

പോലീസ് വളവിലും ഒളിവിൽ നിന്ന് കൈകാണിച്ചു വാഹനങ്ങൾക്ക് പെറ്റിയടിക്കുന്നതിന് പകരം ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യണം . രാഷ്ട്രീയപാർട്ടിയുടെ കൊടിയും നിറവും നോക്കാതെ വിഷ്ണുപുരം ചന്ദ്രശേഖരനെ മദ്യ വിരുദ്ധ പ്രസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കണം. മാതാപിതാക്കളുടെ കരുതൽ സേന രൂപീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *