Your Image Description Your Image Description

ഭുവനേശ്വര്‍: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ യുവാവിനെതിരെ യുവതി നല്‍കിയ പീഡനപരാതി തള്ളി ഒഡീഷ ഹൈക്കോടതി. ഒമ്പത് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. ഈ ബന്ധം വിവാഹത്തില്‍ കലാശിക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാകാമെന്നും എന്നാല്‍ കുറ്റകൃത്യമായി കാണാനാകില്ലെന്നും ഒഡീഷ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നിയമം എല്ലാ തകര്‍ന്നുപോയ വാഗ്ദാനങ്ങള്‍ക്ക് മേല്‍ സംരക്ഷണമോ, തകര്‍ന്നു പോയ ബന്ധങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റമോ ചുമത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയും യുവാവും 2012 മുതല്‍ പ്രണയത്തിലായിരുന്നു- ഇക്കാലയളവില്‍ ഇരുവരും പ്രായപൂര്‍ത്തിയായവരും, സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തരായവരും, സ്വന്തം ഭാവിയെ രൂപപ്പെടുത്തിയെടുക്കാന്‍ കെല്‍പ്പുള്ളവരുമായിരുന്നു. ആ ബന്ധം വിവാഹത്തിലേക്ക് എത്താതിരുന്നതിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളായിരിക്കാം. എന്നാല്‍ പ്രണയം ഇല്ലാതായത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്ജീപ് പാനിഗ്രഹി പറഞ്ഞു.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. യുവാവ് തനിക്ക് ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കിയിരുന്നതായും പരാതിക്കാരി ആരോപിച്ചു. 2023ല്‍ യുവതി സംബല്‍പൂരിലെ കുടുംബ കോടതിയെ സമീപിച്ചിരുന്നു. താന്‍ പൊലീസുദ്യോഗസ്ഥനായ യുവാവ് വിവാഹം ചെയ്ത യഥാര്‍ത്ഥ ഭാര്യയാണെന്നും യുവാവ് മറ്റ് സ്ത്രീയെ വിവാഹം ചെയ്യുന്നതിനെതിരെ ഉത്തരവുണ്ടാകണം എന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. സംബല്‍പൂരിലെ സമലേശ്വരി ക്ഷേത്രത്തില്‍ വെച്ചാണ് തങ്ങള്‍ വിവാഹതിരായതെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചിരുന്നു.

ഫെമിനിസ്റ്റ് ആശയപ്രകാരം തങ്ങളുടെ ബന്ധങ്ങളിലും ശരീരത്തിലും ലൈംഗിക താത്പര്യങ്ങളിലും തീരുമാനമെടുക്കാനുള്ള പരമാധികാരം സ്ത്രീകള്‍ക്ക് മാത്രമാണുള്ളത്. പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീ ലൈംഗികത പുരുഷ പ്രതിബദ്ധതയുമായി ബന്ധപ്പെട്ടതായിരിക്കണം എന്ന ധാരണയെ ശക്തിപ്പെടുത്തുന്നു. എന്നാല്‍ സ്ത്രീയും പുരുഷനും നിയമത്തിന്റെ പരിരക്ഷയോടെ തങ്ങളുടെ ഭാവി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു എന്നതാണ് നിയമത്തിന്റെ കാഴ്ചപ്പാടില്‍ വിവാഹമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *