Your Image Description Your Image Description

അർജന്‍റീനിയൻ ചിത്രം സെവൻ ഡോഗ്‌സിന്റെ റീമേക്കിലൂടെ സൽമാൻ ഖാൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൽമാൻ ഓട്ടോ ഡ്രൈവറുടെ വേഷം ധരിച്ച നിരവധി വിഡിയോകൾ ഈ ചിത്രത്തിന്‍റേത് എന്നപേരിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പ്രചരിക്കുന്ന വിഡിയോകളിൽ ഒന്നിൽ സഞ്ജയ് ദത്തും അദ്ദേഹത്തോടൊപ്പമുണ്ട്.

ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ സൽമാൻ സഞ്ജയ് ദത്തിനോടും മറ്റുള്ളവരോടും സംസാരിക്കുന്ന വിഡിയോയും കനത്ത സുരക്ഷക്കിടയിൽ ഷൂട്ടിങ് ലൊക്കേഷനിൽ എത്തുന്ന വിഡിയോയുമാണ് ഹോളിവുഡ് ചിത്രത്തിന്‍റേതായി പ്രചരിക്കുന്നത്. സൗദിയിൽ നിർമിച്ച കൂറ്റൻ സെറ്റ് മുംബൈയിലെ ധാരാവിയോട് സാമ്യമുള്ളതാണെന്നാണ് റിപ്പോർട്ട്. അതേസമയം സൽമാന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. ഈ പ്രോജക്റ്റിലൂടെ, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, അലി ഫസൽ തുടങ്ങിയ ഹോളിവുഡിലേക്ക് കടക്കുന്ന ഇന്ത്യൻ അഭിനേതാക്കളുടെ നിരയിലേക്ക് ഇനി സൽമാൻ ഖാനും എത്തുകയാണ്.

ചിത്രീകരണം പുരോഗമിക്കുകയാണെന്നും ഫെബ്രുവരി 19 വരെ ചിത്രീകരണം തുടരുമെന്നുമാണ് വിവരം. എന്നാൽ സിനിമയെക്കുറിച്ച് മറ്റുവിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. സൽമാൻ- സഞ്ജയ് കോമ്പോ ചിത്രത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. സൽമാൻ- സഞ്ജയ് ദത്ത് താരജോഡികൾക്ക് ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. സാജൻ, ചൽ മേരെ ഭായ് , സൺ ഓഫ് സർദാർ,യേ ഹേ ജൽവ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ചെത്തിയിട്ടുണ്ട്. ഇവയെല്ലാം വലിയ വിജയവും നേടിയിരുന്നു.

സൽമാൻ ഖാന്റെ ഏറ്റവും പുതിയ റിലീസ് സികന്ദർ ആണ്. എആർ മുരുഗദോസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. പ്രതീക് ബബ്ബര്‍, സത്യരാജ്, ശർമാൻ ജോഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2025 ൽ ഈദ് റിലീസായിട്ടാണ് സിനിമ തിയറ്ററുകളിലെത്തുന്നത്. സാജിദ് നാദിയാവാലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അതേസമയം, ഹൗസ്ഫുൾ 5, ബാഗി 4, സൺ ഓഫ് സർദാര്‍ 2 എന്നിവയാണ് സഞ്ജയ് ദത്തിന്‍റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *