Your Image Description Your Image Description

ഒട്ടേറെ അവാര്‍ഡുകള്‍ നേടുകയും ആഗോളതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുള്ള നിരവധി വിസ്കി ഇനങ്ങള്‍ ഇന്ത്യയിലുമുണ്ട്. പാരമ്പര്യവും പുതുമയും ഒന്നിക്കുന്ന രുചിയുള്ള ഇന്ത്യന്‍ വിസ്കികള്‍ക്ക് ഒട്ടേറെ ലോകപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചില ഇന്ത്യന്‍ വിസ്കികളെ പരിചയപ്പെടാം.

ഇന്ത്യയില്‍ നിന്നു മാത്രമല്ല, ലോകമൊട്ടാകെ ആരാധകരുള്ള വിസ്കിയാണ് ഗ്യാന്‍ചന്ദ്(GianChand). ഡിവാൻസ് കമ്പനിയാണ് ജിയാൻചാന്ദ് പ്രീമിയം സിംഗിൾ മാൾട്ട് വിസ്കി നിർമ്മിച്ചത്. ഹിമാലയൻ താഴ്‌വരയുടെ ഉയർന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്റ്റിലറിയിലാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. സ്വർണ നിറവും എരിവും മധുരവും പോലുള്ള രുചികളുമുള്ള ഈ വിസ്കിക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ലണ്ടനിൽ നടന്ന ഇന്റർനാഷനൽ സ്പിരിറ്റ്സ് ആൻഡ് വൈൻ മത്സരത്തിൽ വെള്ളി മെഡൽ, അംബ്രോസിയ അവാർഡ്സില്‍ മികച്ച ഇന്ത്യൻ സിംഗിൾ മാൾട്ട്, മികച്ച പാക്കേജിങ് എന്നിവയ്ക്കുള്ള ബഹുമതി, സ്പിരിറ്റ്സ് അച്ചീവേഴ്‌സ് അവാർഡ്സില്‍ രുചിക്കും പാക്കേജിങ്ങിനുമുള്ള അവാർഡ് എന്നിവ ഗ്യാന്‍ചന്ദ് നേടിയ ചില ബഹുമതിയാണ്. കൂടാതെ, ലോകപ്രശസ്ത വിസ്‌കി വിദഗ്ദ്ധനായ ജിം മുറെ, തന്‍റെ വിസ്കി ബൈബിളിൽ ഗ്യാന്‍ചന്ദിനെ ഏറ്റവും ‘ലോലമായ’തും ‘ശുദ്ധീകരിച്ച’തുമായ ഇന്ത്യൻ മാൾട്ട് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ഇന്ദ്രി ട്രിനി

ഇന്ത്യൻ പ്രീമിയം സിംഗിൾ മാൾട്ട് വിസ്കിയായ ഇന്ദ്രി ട്രിനി(Indri Trini) ഹരിയാനയിലെ ഇന്ദ്രിയിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. രാജസ്ഥാനില്‍ നിന്നുള്ള ആറുവരി ബാര്‍ലിയില്‍ നിന്നാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. കറുത്ത ചായയുടെ രുചിയും, കാരമലൈസ് ചെയ്ത പൈനാപ്പിൾ, ഓക്ക്, വാനില, ബ്ലാക്ക്ബെറി, ഹേസൽനട്ട്, കാരമൽ രുചികളും ഒത്തുചേരുന്ന രുചിയാണ് ഇതിനുള്ളത്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും, ആഗോളതലത്തിൽ 18 രാജ്യങ്ങളിലും ലഭ്യമായ ഇന്ദ്രി ട്രിനി, പിക്കാഡിലി ഡിസ്റ്റിലറീസ് ആണ് നിര്‍മ്മിക്കുന്നത്. ഇതിനോടകം പതിനാലിലധികം അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടി. വൈൻപെയർ അവാർഡുകളിൽ മികച്ച ‘ന്യൂ വേൾഡ്’ വിസ്കി, ഡബിൾ ഗോൾഡ് വിസ്കിസ് ഓഫ് ദി വേൾഡ് അവാർഡുകളിൽ ബെസ്റ്റ് ഇൻ ഷോ എന്നിവ ഇന്ദ്രി ട്രിനി നേടിയ ശ്രദ്ധേയമായ പുരസ്കാരങ്ങളാണ്.

കദംബ സിഗ്നേച്ചർ എക്‌സ്‌പ്രഷൻ

ഗോവയില്‍, സിംഗിൾ മാൾട്ട് വിസ്‌കിയായിട്ടായിരുന്നു ചിയേഴ്സ് ഗ്രൂപ്പ് കദംബാസ് സിഗ്നേച്ചർ എക്‌സ്‌പ്രഷൻ(Kadamba’s Signature Expression) ആരംഭിച്ചത്. വിസ്‌കി പഴകുന്നതിനു മുമ്പ് ഇരട്ട വാറ്റിയെടുക്കൽ രീതിയിലൂടെയാണ് ഈ വിസ്കി നിർമ്മിക്കുന്നത്. ഇത് വിസ്കിക്ക് പ്രത്യേകരുചി നല്‍കുന്നു. ഉഷ്ണമേഖലാ പഴങ്ങളുടെയും, ഓക്ക്- വാനില സുഗന്ധങ്ങളുടെയും സംയോജനം കദംബാസിന് ‘മികച്ച ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കി’ എന്ന അംഗീകാരം നേടിക്കൊടുത്തു. വിസ്കി മാഗസിന്‍റെ ഐക്കൺസ് ഓഫ് വിസ്കി അവാർഡുകളിലാണ് മികച്ച ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്കി ആയി ഇത് തിരഞ്ഞെടുക്കപ്പെട്ടത്.

രാംപൂർ അസാവ

ഹിമാലയൻ പർവതപ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുന്ന സിംഗിൾ മാൾട്ട് ഇന്ത്യൻ വിസ്കിയാണ് റാംപൂർ അസാവ(Rampur Asava). ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നുള്ള റാഡിക്കോ ഖൈതാൻ എന്ന കമ്പനിയാണ് ഇത് ഉണ്ടാക്കുന്നത്. നാലാമത്തെ വലിയ ഇന്ത്യൻ മദ്യ കമ്പനിയാണ് ഇത്. വൈന്‍ രുചിയുള്ള വിസ്കിയാണ് രാംപൂര്‍ അസാവ. ജോൺ ബാർലികോൺ അവാർഡ് ‘ബെസ്റ്റ് വേൾഡ് വിസ്കി’ എന്ന പദവി ഈ ഇന്ത്യൻ വിസ്കിക്ക് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *