Your Image Description Your Image Description
Your Image Alt Text

തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വാഹനയാത്രികർക്കും വീടുകൾക്കും ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. ഉറുകുന്ന് അണ്ടൂർപച്ചയിൽ കൂറ്റൻ പാലമരം ഏതുനിമിഷവും ഒടിഞ്ഞുവീഴുന്ന നിലയിലാണ്. കഴിഞ്ഞദിവസങ്ങളിൽ കിഴക്കൻമേഖലയിൽ കനത്ത കാറ്റ്‌ വീശുന്നുമുണ്ട്. ഇവിടെ മരത്തിന്റെ കൂറ്റൻ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണത്‌ ഒന്നരവർഷംമുമ്പാണ്‌.

ഉറുകുന്ന് റൂറൽ ബാങ്ക് ജങ്ഷനു സമീപം ദേശീയപാതയിലേക്കു ചരിഞ്ഞുനിൽക്കുന്ന മാവും അപകടാവസ്ഥയിലാണ്. കഴിഞ്ഞവർഷം മരച്ചില്ലകൾ വൈദ്യുതക്കമ്പികൾ തകർത്ത്‌ വാഹനത്തിനു മുകളിലേക്ക് വീണിരുന്നു. അന്ന്‌ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ദേശീയപാതയിൽ ഉറുകുന്ന് സഹകരണ ബാങ്കിനു മുന്നിൽ പാലത്തിനോടു ചേർന്നുള്ള മരവും റോഡിലേക്ക് പതിക്കാം. കൂടാതെ ഇവിടെ ട്രൈബൽ ഹോസ്റ്റലിനു സമീപത്തെ ഇലവുമരവും ഭീഷണിയുയർത്തുന്നു.തെന്മല വില്ലേജ് ഓഫീസിനോടു ചേർന്നുള്ള കൂറ്റൻ മഴമരം കടപുഴകാൻ സാധ്യതയേറെയാണ്‌. തെന്മല പഞ്ചായത്ത് കാര്യാലയത്തിലേക്കുള്ള പാതയ്ക്കും വൈദ്യുതക്കമ്പികൾക്കും ഭീഷണിയായി ഒട്ടേറെ മരങ്ങളുണ്ട്. ആര്യങ്കാവ് ഭാഗത്ത് വനാതിർത്തിയോടു ചേർന്ന്‌ വീടുകൾക്കു ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ഇതേവരെ നിറവേറ്റിയിട്ടില്ല. കഴിഞ്ഞയാഴ്ച ഇടപ്പാളയം ഭാഗത്ത് മൂന്നിടത്താണ്‌ ദേശീയപാതയിലേക്ക് മരംവീണത്‌.

 

Leave a Reply

Your email address will not be published. Required fields are marked *