Your Image Description Your Image Description
Your Image Alt Text

പരവൂർ : പോലീസ് സ്റ്റേഷൻ-റെയിൽവേ സ്റ്റേഷൻ റോഡ് തെരുവുനായകൾ കൈയടക്കിയതോടെ വഴിനടക്കാനാകാതെ യാത്രക്കാർ. റെയിൽവേ സ്റ്റേഷനിൽനിന്നു ബസ് സ്റ്റാൻഡിലേക്ക് പെട്ടെന്നെത്താനുള്ള വഴിയാണ് നായകൾ കൈയടക്കിയത്. ഇതിനാൽ മുനിസിപ്പൽ ഓഫീസിനു മുന്നിലൂടെ ചുറ്റിസഞ്ചരിച്ചാണ് പലരും ബസ് സ്റ്റാൻഡിലെത്തുന്നത്. റെയിൽവേ സ്റ്റേഷന്റെ മുൻവശം, കോടതി പരിസരം, പോലീസ് സ്റ്റേഷന്റെ പുറകുവശം കസ്റ്റഡിവാഹനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം, പോലീസ് സ്റ്റേഷന്റെ മുൻവശം എന്നിവിടങ്ങളിലാണ് നായകൾ തമ്പടിച്ചിരിക്കുന്നത്. കസ്റ്റഡി വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഭാഗത്താണ് ഏറ്റവും ഭീഷണിയുള്ളത്. അക്രമകാരികളായ നായകൾ യാത്രക്കാരുടെനേരെ കുരച്ചുചാടുകയാണ്. കുട്ടികൾക്കും വയോധികർക്കും ഇതുവഴി തനിച്ചുപോകാനാകാത്ത സ്ഥിതിയാണ്.

രാത്രിയിൽ പ്രദേശത്തെ താമസക്കാർക്കും നായകളുടെ ശല്യമുണ്ടാകുന്നുണ്ട്. റെയിൽവേ സ്റ്റേഷന്റെ മുന്നിൽ വാഹന പാർക്കിങ് സ്ഥലത്തും പ്ലാറ്റ്‌ഫോമിലേക്കുള്ള വഴിയിലും നായകൾ കിടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലപ്പോഴും ഇവതമ്മിലുള്ള ഏറ്റുമുട്ടലുകൾ ആളുകൾക്ക്‌ ശല്യമാകുന്നുണ്ട്. ഭീതിയോടെയാണ് രാത്രിയിൽ ആളുകൾ റെയിൽവേ സ്റ്റേഷനിലെത്തുന്നതും മടങ്ങുന്നതും. തെരുവുനായകളെ നിയന്ത്രിക്കാൻ നഗരസഭയുടെ ഭാഗത്തുനിന്നു നടപടികളുണ്ടാകാറില്ല. എ.ബി.സി. പദ്ധതി നടപ്പാക്കാൻപോലും തയ്യാറായിട്ടില്ല. വന്ധ്യംകരണം നടക്കാത്തതിനാൽ നായകൾ പെറ്റുപെരുകുകയാണ്. തെരുവുനായകൾക്കുള്ള പേവിഷ പ്രതിരോധകുത്തിവെപ്പും നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *