Your Image Description Your Image Description

സംസ്ഥാനസര്‍ക്കാര്‍ താലൂക്കുതലത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ 268 പരാതികളില്‍ തീര്‍പ്പ്. ചൊവ്വാഴ്ച്ച രാവിലെ 10 ന് രാമപുരം ചേപ്പാട് താമരശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച അദാലത്തില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ് സാംസ്‌കാരി വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിച്ചു.

അദാലത്തിലേക്ക് നേരത്തേ ലഭിച്ച 470 അപേക്ഷകളില്‍ 385 പരാതികളാണ് പരിഗണാനര്‍ഹമായി ഉണ്ടായിരുന്നത്. മറ്റ് 117 അപേക്ഷകളില്‍ സത്വര തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിച്ച് മന്ത്രിമാര്‍ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. അദാലത്തിലേക്ക് നേരത്തേ പരാതി നല്‍കിയവരെയെല്ലാം മന്ത്രിമാര്‍ നേരില്‍ക്കണ്ടു.
അദാലത്ത് ദിവസം കൗണ്ടറിലൂടെ 285 പുതിയ പരാതികള്‍ കൂടി ലഭിച്ചു. പുതിയ പരാതികള്‍ സ്വീകരിക്കാന്‍ കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. അദാലത്ത് ദിവസം ലഭിച്ച അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും 15 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

വിവിധ വില്ലേജുകളിലായി വളരെക്കാലമായി കരം അടയ്ക്കാന്‍ സാധിക്കാതിരുന്ന 11 കേസുകളില്‍ നികുതി രസീതുകള്‍ അദാലത്തില്‍ വിതരണം ചെയ്തതായി സമാപന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അറിയിച്ചു. അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് 12 കേസുകളില്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. കുമാരപുരം വില്ലേജിലെ ഓട്ടിസം ബാധിതനായ രവികൃഷ്ണന് ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള ധനസഹായവും സ്വശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35000 രൂപയും പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപയും അദാലത്തില്‍ അനുവദിച്ചു. പ്രകൃതിക്ഷോഭത്തില്‍ കോഴികളെ നഷ്ടപ്പെട്ട വീയപുരം വില്ലേജിലെ നഫീസത്ത് ബീവിക്ക് 10000 രൂപയും അനുവദിച്ചു. കണ്ടല്ലൂര്‍ വില്ലേജിലെ ഭിന്നശേഷിക്കാരായ നീതുവിന് സ്വാശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 35000 രൂപയും പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികില്‍സാ സഹായം നല്‍കാനും മന്ത്രി ഉത്തരവിട്ടു. പള്ളിപ്പാട് വില്ലേജിലെ ചലനശേഷിയും കാഴ്ചശക്തിയും ഇല്ലാത്ത മഹേഷ് കുമാറിന് പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ നല്‍കാനും നിലവിലുള്ള ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവ മാനദണ്ഡമായി പരിഗണിച്ച് എല്ലാ ആനുകൂല്യം നല്‍കാനും ഉത്തരവിട്ടു. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട 15 കേസുകളും കെഎസ്ഇബിയുമായി ബന്ധപ്പെട്ട 9 കേസുകളും തീര്‍പ്പാക്കിയതായും മന്ത്രി പി പ്രസാദ് അറിയിച്ചു.
എംഎല്‍എമാരായ യു പ്രതിഭ, തോമസ് കെ തോമസ്, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് എന്നിവര്‍ അദാലത്തില്‍ സന്നിഹിതരായിരുന്നു. രാവിലെ 10ന് ആരംഭിച്ച അദാലത്ത് വൈകിട്ട് മൂന്ന് മണിയോടെ അവസാനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *