Your Image Description Your Image Description

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പുകൾ ആരംഭിച്ചതിന് പിന്നാലെ കേരളത്തിലെ ബിജെപിയിൽ കരുനീക്കങ്ങൾ സജീവം. സംസ്ഥാന അധ്യക്ഷനാകാൻ നേതാക്കൾ ദേശീയ നേതൃത്വത്തെ കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. മത്സരം ഒഴിവാക്കി സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് ഭൂരിപ​ക്ഷം നേതാക്കൾക്കും താത്പര്യം. എന്നാൽ, നിലവിൽ നടക്കുന്ന കൂടി‌യാലോചനകളും ചരടുവലികളും ഐക്യകണ്ഠേന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് എത്രത്തോളം പ്രായോ​ഗികമാണെന്ന ആശങ്ക ഉയർത്തുന്നുണ്ട്.

നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇക്കുറിയും തുടരണമെന്ന വാദം പാർട്ടിക്കുള്ളിൽ ശക്തമാണ്. സുരേന്ദ്രനെ കൂടാതെ ശോഭാ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് എന്നിവരുടെ പേരുകളും അധ്യക്ഷ പദവിയിലേക്കുള്ള ചർച്ചകളിലുണ്ട്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വനിത എത്തിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ ശോഭ മത്സരിച്ച മണ്ഡലങ്ങളിൽ വോട്ട് വിഹിതം വലിയ രീതിയിൽ ഉയർന്നിരുന്നു. എന്നാൽ, ശോഭയുടെ പ്രവർത്തന രീതിയോട് വിയോജിപ്പുള്ളവർ പാർട്ടിയിലുണ്ട്. ശോഭ സുരേന്ദ്രൻ ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിക്കഴിഞ്ഞു.

പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും ഒരുമിച്ചെത്തിയാണ് കേന്ദ്ര നേതാക്കളെ കണ്ടത്. നേതൃമാറ്റം വേണമെന്ന് സുരേന്ദ്രനെ എതിർക്കുന്നവർ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. എം.ടി.രമേശിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് സുരന്ദ്രനെ എതിർക്കുന്നവർ ആവശ്യപ്പെടുന്നത്. കൃഷ്ണദാസ് വിഭാഗവും എം.ടി.രമേശ് വരുന്നതിന് അനുകൂലമാണ്.

കഴിഞ്ഞ അഞ്ചു വർഷമായി കെ.സുരേന്ദ്രൻ പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ്. മൂന്നു വർഷമാണ് സംസ്ഥാന അധ്യക്ഷന്റെ ഒരു ടേം.
മൂന്നു വർഷം തികഞ്ഞതിന് പിന്നാലെ കേന്ദ്ര നേതൃത്വം സുരേന്ദ്രന് കാലാവധി നീട്ടി നൽകുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ പേരിൽ സുരേന്ദ്രൻ തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനം നീട്ടി നൽകാൻ സാധ്യതയുണ്ട്. പ്രസിഡന്റായ സുരേന്ദ്രന് മത്സരിക്കാൻ തടസ്സമില്ല. മത്സരമില്ലാതെ, കേന്ദ്രം നിർദേശിക്കുന്ന പേര് അംഗീകരിക്കപ്പെടാനാണ് സാധ്യത. പി.കെ.കൃഷ്ണദാസാണ് മത്സരത്തിലൂടെ അവസാനം സംസ്ഥാന അധ്യക്ഷനായത്.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിലെ പ്രസിഡന്റിന്റെയും ദേശീയ കൗൺസിൽ അംഗങ്ങളെയും കണ്ടെത്തേണ്ട ചുമതല. തിരഞ്ഞെടുപ്പ് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നേതാക്കൾ പറയുന്നു. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത് ദേശീയ കൗൺസിൽ അംഗങ്ങളാണ്. കേരളത്തിൽനിന്ന് 36 പേരുണ്ട്. മണ്ഡലം പ്രസിഡന്റുമാരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളുമായി സംസാരിച്ച് സമവായ അടിസ്ഥാനത്തിലായിരിക്കും നിയമനം. 10നകം നടപടികൾ പൂർത്തിയാക്കും. ഇരുപതിനകം പുതിയ സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിലും തീരുമാനത്തിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *